കയ്യടിക്കെടാാ…!!! കൊറോണയെയും തകര്‍ത്ത് കേരളം

കൊച്ചി: നിപ്പ വൈറസ് ബാധയെ ഒറ്റക്കെട്ടായി ധൈര്യപൂര്‍വം നേരിട്ട കേരള ജനത കൊറോണ വൈറസിനെയും അതിജീവിച്ചിരിക്കുന്നു. കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെയും ആലപ്പുഴയിലെയും വിദ്യാര്‍ഥികളുടെ അവസാന പരിശോധനാഫലം നെഗറ്റിവ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. തൃശൂരിലെ പെണ്‍കുട്ടിയുടെ രോഗം സുഖപ്പെട്ടെങ്കിലും ഒരു തവണകൂടി സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതിലും ഫലം നെഗറ്റീവ് ആയാല്‍ പെണ്‍കുട്ടി ആശുപത്രിവിടും.

ആലപ്പുഴയിലെ വിദ്യാര്‍ഥിയുടെയും ഫലം നെഗറ്റീവാണെന്നാണു സൂചനയെങ്കിലും പുണെയില്‍ നിന്നുള്ള ഫലം കൂടി ലഭിച്ച ശേഷമേ അധികൃതര്‍ സ്ഥിരീകരിക്കൂ. ഏഴാം തീയതി ചൈനയിലെ കുമ്മിങ്ങില്‍ നിന്ന് കൊച്ചിയിലെത്തിയ 15 മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സ്രവ പരിശോധനയില്‍ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു. സംസ്ഥാനത്തു 3367 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

സംശയാസ്പദമായവരുടെ 364 സാംപിളുകള്‍ പരിശോധിച്ചതില്‍ 337 ഫലങ്ങളും രോഗമില്ലെന്നാണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. ആശുപത്രിയില്‍ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

കൊറോണ കേരളത്തില്‍ വരുന്നതിന് മുന്‍പ് തന്നെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ വന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കേരളജനത ഒന്നടങ്കം ജാഗ്രതയില്‍ ആയി. വൈറസ് ബാധ കുറയ്ക്കാന്‍ ആരോഗ്യമന്ത്രി മുന്നില്‍നിന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തി.

അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നു രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേര്‍. ഇതില്‍ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. 2,478 പേര്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,000 കവിഞ്ഞു. രോഗം സുഖപ്പെട്ട 3996 പേര്‍ തിങ്കളാഴ്ച ആശുപത്രി വിട്ടു.

2003ല്‍ ചൈനയുള്‍പ്പെടെ 20ലേറെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച സാര്‍സ് 774 പേരുടെ ജീവനാണെടുത്തത്. അതേ സമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ കുറവു വന്നുതുടങ്ങിയത് ആശ്വാസമായി. ഫെബ്രുവരിയില്‍ പുതിയ കേസുകള്‍ ആദ്യമായി മൂവായിരത്തിനു താഴെ വന്നു.

pathram:
Leave a Comment