‘അവര്‍ വീട്ടിലിരിക്കുന്നത് നാടിന് വേണ്ടിയാണ് , വിഷമിപ്പക്കരുത് ‘

കൊറോണ കേരളത്തിലും എത്തിയതോടെ അതീവ ശ്രദ്ധയോടെ ആണ് സംസ്ഥാന സര്ക്കാർ നടപടികൾ എടുക്കുന്നത്.
കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കുടുംബത്തിന് മാനസികാരോഗ്യ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ആശുപത്രിയിലും വീട്ടിലുമായി കഴിയുന്നവരുടെ ആശങ്ക കണക്കിലെടുത്താണ് പദ്ധതിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

നിലവില്‍ 80 പേര്‍ ആശുപത്രികളിലും 2000 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. 2018 ലെ പ്രളയത്തിലും 2019ലെ ഉരുള്‍പ്പൊട്ടലിലും വിജയകരമായി നടപ്പിലാക്കിയ മാനസികാരോഗ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് പുതിയ സാഹചര്യത്തിലും നടപ്പിലാക്കുന്നത്. 2018ലെ പ്രളയത്തെ തുടര്‍ന്ന് രണ്ടര ലക്ഷത്തിലധികം പേര്‍ക്കും ഉരുള്‍പ്പൊട്ടലില്‍ അരലക്ഷത്തിലധികം പേര്‍ക്കുമാണ് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞതെന്നും മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ടെന്‍ഷന്‍, വിഷമം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ പരിഹരിക്കുകയാണ് മാനസികാരോഗ്യ പരിപാടിയുടെ പ്രധാന ലക്ഷ്യം. ”രോഗം വ്യാപനം തടയുന്നതിനാണ് കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനാകും. വീട്ടില്‍ കല്യാണം പോലുള്ള പൊതു പരിപാടികള്‍ നടത്തുകയോ വീടുവിട്ട് പോകുകയോ ചെയ്യരുത്”- മന്ത്രി പറഞ്ഞു.

”നിരീക്ഷണത്തിലുള്ളവരുടെ കുടുംബത്തെ ഒരുതരത്തിലും വേദനിപ്പിക്കാന്‍ പാടില്ല. അവര്‍ നാടിനും കൂടിയാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ആ കുടുംബത്തിന്റേയും നിരീക്ഷണത്തിലുള്ളയാളിന്റേയും മാനസികാവസ്ഥ നമ്മളറിയണം. ഒരുതരത്തിലും വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്”- മന്ത്രി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment