സ്‌കൂളുകളില്‍ മതപഠനം പാടില്ലെന്നു സര്‍ക്കാര്‍ ഉത്തരവിറക്കണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം നടത്തുന്നതിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ്. അനുമതിയില്ലാതെ സ്‌കൂളുകളില്‍ മതപഠനം പാടില്ലെന്നു കാണിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തവിറക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇസ്‌ലാം മത വിഭാഗത്തില്‍ നിന്നുള്ള കുട്ടികളെ മാത്രം പ്രവേശിപ്പിച്ച് ഇസ്‌ലാം മതപഠനം നടത്തുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഉത്തരവിറക്കിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷനല്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

സര്‍ക്കാര്‍ ഉത്തരവിറക്കുന്ന ശേഷവും അതു ലംഘിക്കാന്‍ ശ്രമിച്ചാല്‍ ഹര്‍ജിക്കാര്‍ ഉള്‍പ്പെടെ ഏതു സ്‌കൂളിനുമെതിരെ സര്‍ക്കാരിനു നടപടി എടുക്കാമെന്നും കോടതി വ്യക്തമാക്കി. മതേതരത്വത്തിന് എതിരായ നടപടിയാണ് സ്‌കൂളുകളില്‍ ഒരു മതത്തിനു മാത്രം പ്രാധാന്യം നല്‍കുന്നത്. മതപ്രചാരണത്തിനു സ്വാതന്ത്ര്യമുണ്ടെങ്കിലും പൊതു ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അതു പാടില്ല.

കുട്ടികള്‍ സ്‌കൂളിന്റെ ജനാലകളിലൂടെ ലോകത്തെ കാണുന്നവരാണ്. തുറന്ന മനസോടെ ലോകത്തെ കാണാന്‍ അവനെ പഠിപ്പിക്കുന്നത് സ്‌കൂളുകളാണ്. തന്റെ ചുറ്റുമുള്ള വ്യത്യസ്തതകളെ സ്വീകരിക്കാന്‍ കുട്ടികളുടെ മനസിനെ ഒരുക്കുന്നതു വ്യത്യസ്ത്യ സംസ്‌കാരങ്ങള്‍ കലര്‍ന്നുള്ള വിദ്യാഭ്യാസമാണ്. സ്വകാര്യ സ്ഥാപനങ്ങളായാലും അവ പൊതു കര്‍ത്തവ്യം നിറവേറ്റുന്നതിനുള്ളതാണ്. ഒരു മതേതര സമൂഹത്തില്‍ സര്‍ക്കാരിനു വിഭാഗിയത കലര്‍ന്ന വിദ്യാഭ്യാസത്തിന് അനുമതി നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

pathram:
Related Post
Leave a Comment