ഇനി എന്തും ആകാം; കുറ്റം ചുമത്താതെ തടവിലാക്കാം; ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

പൗരത്വനിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെ ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ബയ്ജാല്‍ ഉത്തരവിറക്കി.

ദേശീയ സുരക്ഷാ നിയമപ്രകാരം ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ അയാളെ മാസങ്ങളോളം ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാന്‍ പോലീസിന് സാധിക്കും. ഈ അധികാരമാണ് ഡല്‍ഹി പോലീസിന് ലഭിച്ചിരിക്കുന്നത്.

ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലവയളവിലാണ് ഈ അധികാരം ഉപയോഗിക്കുന്നതിന് ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ തടഞ്ഞുവെക്കാനുള്ള അധികാരവും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.

പൗരത്വനിയമ ഭേദഗതി, എന്‍.ആര്‍.സി.എന്നിവക്കെതിരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം, ഇതില്‍ അസ്വാഭാവിക ഒന്നുമില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇത്തരം ഉത്തരവുകള്‍ ഉണ്ടാകാറുണ്ട്. പതിവ് രീതിയുടെ ഭാഗമാണിത്. നിലവിലെ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

pathram:
Leave a Comment