‘ഒരു രാജ്യം, ഒരു കാര്‍ഡ്’ കേരളത്തിലും

പേഴ്സുനിറയെ പലവിധ കാര്‍ഡുകളുമായി നടക്കുന്ന കാലം പഴങ്കഥയാവുന്നു. ‘ഒരു രാജ്യം, ഒരു കാര്‍ഡ്’ എന്നത് കേരളത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയാറെടുക്കുന്നു. ബാങ്കും സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.

കാര്‍ഡ് രൂപകല്പനചെയ്ത് എസ്.ബി.ഐ. സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒറ്റകാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മില്‍നിന്ന് പണംപിന്‍വലിക്കാം. ഡ്രൈവിങ് ലൈസന്‍സായും റേഷന്‍ കാര്‍ഡായും ഉപയോഗിക്കാം. യാത്രാടിക്കറ്റിനും മറ്റുസേവനങ്ങള്‍ക്കും പണമടയ്ക്കാം. സര്‍ക്കാരിന്റെ അനുമതി കിട്ടിയാലുടന്‍ ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് നല്‍കുമെന്ന് എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ് ‘മാതൃഭൂമി’ യോട് പറഞ്ഞു.

ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനാണ് കാര്‍ഡിന്റെ മാതൃക കൈമാറിയത്. ഉടന്‍തന്നെ ഇത് പ്രയോഗത്തില്‍ വരുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മൃഗേന്ദ്രലാല്‍ ദാസ് പറഞ്ഞു.

ഒറ്റനോട്ടത്തില്‍ മുന്‍വശം ഡ്രൈവിങ് ലെസന്‍സിേെന്റപാലെയും മറുവശം എ.ടി.എം കാര്‍ഡിന്റെയും പോലെയായിരിക്കും.

പ്രധാനപ്പെട്ട സേവനങ്ങള്‍ ഇതാണ്.

ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം. കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ചേര്‍ത്താല്‍ റേഷന്‍കടകളില്‍ കാര്‍ഡായും പണംനല്‍കാനും ഉപയോഗിക്കാം, 2000 രൂപവരെ കരുതാവുന്ന വാലറ്റ് സൗകര്യം, മെട്രോയിലോ ബസ്സിലോ ടിക്കറ്റെടുക്കുന്നതുള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് പ്രീപെയ്ഡ് കാര്‍ഡാക്കാം, സര്‍ക്കാര്‍ അംഗീകരിക്കുന്ന മറ്റുസേവനങ്ങളും ഉള്‍പ്പെടുത്താം

പല കാര്‍ഡുകള്‍ കൊണ്ടുനടക്കേണ്ടതില്ല, ഡിജിറ്റല്‍ പണമിടപാടിന് പ്രോത്സാഹനം എന്നതാണ് പ്രയോജനം.

പല കാര്‍ഡുകള്‍ക്കുപകരം ഒരു കാര്‍ഡെന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുന്നോട്ടുവെച്ചത്. തുടര്‍ന്ന് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡിന് (എന്‍.സി.എം കാര്‍ഡ്) രൂപംനല്‍കി. നാഗ്പുര്‍, നാസിക് മെട്രോകളിലും പാര്‍ലമെന്റില്‍ എം.പി.മാര്‍ക്കും എസ്.ബി.ഐ ഇത്തരം കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റുസേവനങ്ങളും കൂടി ഉള്‍പ്പെടുത്താവുന്ന കാര്‍ഡാണ് കേരളത്തില്‍ എസ്.ബി.ഐ തയ്യാറാക്കിയത്.

pathram:
Leave a Comment