കോഹ്ലിയോട് ചോദിച്ചിട്ടല്ല രവിശാസ്ത്രിയെ വീണ്ടും കോച്ചായി തെരഞ്ഞെടുത്തത്: കപില്‍ ദേവ്

ക്യാപ്റ്റന്‍ വിരാട് കോലിയോട് ചര്‍ച്ച ചെയ്തിട്ടല്ല ടീം ഇന്ത്യയുടെ പരിശീകനായി രവി ശാസ്ത്രിയെ വീണ്ടും തിരഞ്ഞെടുത്തതെന്ന് ഉപദേശകസമിതി അധ്യക്ഷന്‍ കപില്‍ ദേവ്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ തിരഞ്ഞെടുത്ത ശേഷം മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ശാസ്ത്രിയെ വീണ്ടും നിയമിച്ചപ്പോള്‍ കോലിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് കപില്‍ വെളിപ്പെടുത്തിയത്. ശാസ്ത്രിയെ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ന്യൂസീലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസ്സന്‍ രണ്ടാമതും ശ്രീലങ്കയുടെ മുന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ടോം മൂഡി മൂന്നാം സ്ഥാനത്തുമെത്തി.

കപില്‍ ദേവിന് പുറമേ മുന്‍ ഇന്ത്യന്‍ താരം ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയിക്ക്വാദ് എന്നിവരായിരുന്നു ഉപദേശകസമിതിയിലെ മറ്റ് അംഗങ്ങള്‍. നിലവിലെ പരിശീലകനെന്ന നിലയിലെ പരിചയവും ഇപ്പോഴത്തെ ടീമിനെയും നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ച് കൃത്യമായ ധാരണയുള്ളതും ശാസ്ത്രിക്ക് ഗുണകരമായെന്ന് അന്‍ഷുമാന്‍ ഗെയിക്ക്വാദ് പറഞ്ഞു.

2014 മുതല്‍ ടീം ഇന്ത്യയ്ക്കൊപ്പം രവി ശാസ്ത്രിയുടെ സാന്നിധ്യമുണ്ട്. 2014-ല്‍ ടീം ഡയറക്ടറായാണ് ശാസ്ത്രിയെ നിയമിക്കുന്നത്. പിന്നീട് 2017-ലെ ചാമ്പ്യന്‍സ് ട്രോഫിക്കു പിന്നാലെ അനില്‍ കുംബ്ലെയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കുംബ്ലെയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലായിരുന്നു ശാസ്ത്രിയുടെ നിയമനം.

pathram:
Leave a Comment