കത്തിവാങ്ങിയത് ഓണ്‍ലൈന്‍ വഴി; പൊലീസിന് കത്തിയെടുത്ത് കൊടുത്ത് പ്രതികള്‍..

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികള്‍ അഖിലിനെ കുത്താനുപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴി. ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണിതെന്നാണ് പൊലീസ് പറയുന്നത്. കൈപ്പിടിയില്‍ ഒതുക്കാവുന്ന വലുപ്പമെ കൊലപാതക ശ്രമത്തിന് ഉപയോഗിച്ച കത്തിക്ക് ഉള്ളൂ എന്നും പൊലീസ് പറയുന്നു. പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളേജിനകത്ത് കൊണ്ട് വന്ന ് പൊലീസ് തെളിവെടുത്തു.

അഖിലിനെ കുത്തിയ സ്ഥലത്തിന് സമീപത്ത് ഉണ്ടായിരുന്ന ചവറ് കൂനയ്കക്ക് അകത്താണ് പ്രതികള്‍ കത്തി ഒളിപ്പിച്ചിരുന്നത്. ഇരുമ്പ് പൈപ്പും കുറുവടിയും ക്യാമ്പസിനകത്ത് തെളിവെടുപ്പിനിടെ പൊലീസ ് കണ്ടെത്തി. സംഘര്‍ഷത്തിനിടെയാണ് അഖിലിനെ കുത്തിയത്. അതോടെ ക്യാമ്പസിനകത്ത് വലിയ ബഹളമായി. നസീമിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വന്നെന്ന സൂചന കിട്ടി. അപ്പോഴാണ് കത്തി ചവറ് കൂനയ്ക്കകത്ത് ഒളിപ്പിച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

കേസില്‍ നിര്‍ണ്ണായകമായ തൊണ്ടിമുതലാണ് പൊലീസ് കണ്ടെടുത്തത്. കോളേജിലെ യൂണിയന്‍ മുറിയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളായ ശിവരഞ്ജിത്തും നസീമും തന്നെയാണ് കത്തിയെടുത്ത് കൊടുത്തതെന്നും പൊലീസ് പറയുന്നു.

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതേസമയം, യൂണിവേഴ്‌സിറ്റി കോളേജിനും പിഎസ്‌സിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വീണ്ടും ഗവര്‍ണറെ കാണും.

pathram:
Leave a Comment