കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഏറുന്നു. തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ബാലഭാസ്‌കറും കുടുംബവും യാത്രചെയ്ത കാര്‍ സഞ്ചരിച്ചത് അമിത വേഗതയിലായിരുന്നെന്ന് കണ്ടെത്തല്‍.
ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ 2.37 മണിക്കൂര്‍കൊണ്ടാണ് 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതെന്നാണ് കണ്ടത്തിയിരിക്കുന്നത്. മണിക്കൂറില്‍ നൂറു കിലോമീറ്ററിനടുത്ത് വേഗതയിലാണ് കാര്‍ സഞ്ചരിച്ചതെന്നാണ് വിവരം. ബാലഭാസ്‌കറുടെ കാര്‍ ചാലക്കുടി കടന്നുപോകുന്നത് രാത്രി 1.08ന് ആണെന്ന് വ്യക്തമായിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പിന്റെ വേഗതാ നിയന്ത്രണത്തിന് സ്ഥാപിച്ചിരിക്കുന്ന കാമറയില്‍ വാഹനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അപ്പോള്‍ മണിക്കൂറില്‍ 94 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാര്‍ സഞ്ചരിച്ചിരുന്നത്. ഈ വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിലാസത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അമിത വേഗതയ്ക്ക് പിഴയൊടുക്കാന്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
വാഹനം തിരുവനന്തപുരത്ത് എത്തിയത് പുലര്‍ച്ചെ 3.45ന് ആണ്. ചാലക്കുടിയില്‍നിന്ന് വാഹനം ഇവിടെ എത്താന്‍ 2.37 മണിക്കൂര്‍ മാത്രമാണ് വേണ്ടിവന്നത്. അമിത വേഗത്തിലാണ് വാഹനം ഓടിച്ചതെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു. അപകടത്തിനിടയാക്കിയത് അമിത വേഗതയാണെന്ന സൂചനയും ഇത് നല്‍കുന്നു. എന്തിനാണ് കുടുംബത്തോടൊപ്പം അമിത വേഗതയില്‍ സഞ്ചരിക്കാന്‍ തിടുക്കം കാട്ടിയതെന്ന കാര്യത്തിലും ദുരൂഹത ഉയര്‍ത്തുന്നുണ്ട്.
തൃശൂരില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ഡ്രൈവര്‍ അര്‍ജുനാണ് കാര്‍ ഓടിച്ചതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. കൊല്ലത്ത് എത്തിയപ്പോള്‍ വഴിയോരത്ത് കാര്‍ നിര്‍ത്തി ജ്യൂസ് കഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ കടയ്ക്ക് എതിര്‍വശമുള്ള കടയിലെ സിസിടി ദൃശ്യം ക്രൈംബ്രാഞ്ച് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യം അന്വേഷിച്ച പോലീസ് ഈ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാതിരുന്നത് കേസില്‍ പോലീസിന്റെ വീഴ്ചയായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. 15 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഹാര്‍ഡ് ഡിസ്‌കിലുള്ളൂ. പഴയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമോ എന്നറിയാന്‍ ഡിസ്‌ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയ ശേഷം രാത്രിതന്നെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതിനു പിന്നില്‍ പാലക്കാടുകാരിയായ ഒരു സ്ത്രീയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. വഴിപാടുകഴിഞ്ഞ് ഹോട്ടലില്‍ തങ്ങരുതെന്നുപറഞ്ഞ് രാത്രിതന്നെ ബാലഭാസ്‌കറിനെയും കുടുംബത്തെയും തിരിച്ചയച്ചതും ഈ സ്ത്രീയാണെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. വഴിപാട് ബുക്കുചെയ്തത് ഈ സ്ത്രീയാണെന്നും അപകടശേഷം ആശുപത്രിയിലെ ഇവരുടെ സാന്നിധ്യം സംശയാസ്പദമാണെന്നും ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
വഴിപാടുകഴിഞ്ഞ് വൈകീട്ട് ആറിന് ബാലഭാസ്‌കര്‍ വീട്ടിലേക്കു വിളിച്ചിരുന്നു. രാത്രി ഹോട്ടലില്‍ തങ്ങുകയാണെന്നും രാവിലെ മാത്രമേ തൃശ്ശൂരില്‍നിന്നു തിരിക്കൂവെന്നുമാണ് അച്ഛനോടു പറഞ്ഞത്. പിറ്റേദിവസം രാവിലെ അഞ്ചേമുക്കാലോടെ അപകടവാര്‍ത്തയാണ് വീട്ടുകാര്‍ അറിഞ്ഞത്. സാധാരണ ദീര്‍ഘദൂരയാത്രയ്ക്കിടയില്‍ ബാലഭാസ്‌കര്‍ വീട്ടിലേക്കു വിളിക്കുന്നതാണെന്നും അമ്മ ശാന്തകുമാരി പറയുന്നു. എന്നാല്‍, അപകടം നടന്നദിവസം ഇതും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
Leave a Comment