വീണ്ടും മോദി ഭരണം; കേവല ഭൂരിപക്ഷവുമായി ബിജെപി

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രം വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന പ്രകടനത്തോടെ മുന്നൂറിലധികം സീറ്റുകളുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്.

ബിജെപിക്ക് ഒറ്റയ്ക്ക് ഇക്കുറിയും കേവല ഭൂരിപക്ഷം ലഭിക്കുമെന്ന സൂചനകളാണ് നിലവില്‍ ലഭിക്കുന്നത്. മുഴുവന്‍ സീറ്റുകളിലെയും ഫലസൂചനകള്‍ വ്യക്തമാകുമ്പോള്‍ 300ല്‍ അധികം സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്. ബിജെപിയുടെ മാത്രം ലീഡുനില കേവല ഭൂരിപക്ഷം പിന്നിട്ടു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, അസം എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നേറ്റം ദൃശ്യം.

സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും സഖ്യമായി മല്‍സരിച്ച ഉത്തര്‍പ്രദേശില്‍ അവര്‍ക്കു കനത്ത തിരിച്ചടിയാണു നേരിടുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് ലീഡ്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും ബഹുദൂരം മുന്നിലാണ്. ദേശീയ തലത്തില്‍ തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് കേരളവും പഞ്ചാബും മാത്രം.

pathram:
Related Post
Leave a Comment