സാഹോ സര്‍പ്രൈസുമായി പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍; ആകാംക്ഷയോടെ ആരാധകര്‍

ആരാധകര്‍ക്ക് സാഹോ സര്‍പ്രൈസുമായി നാളെ( ചൊവ്വ) സോഷ്യല്‍ മീഡിയയില്‍ എത്തുമെന്ന് പ്രഭാസ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സര്‍പ്രൈസ് വാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതോടെ എന്തായിരിക്കും പ്രഭാസിന്റെ സര്‍പ്രൈസ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാകും ആ സര്‍പ്രൈസ് പുറത്തുവിടുകയെന്നും പ്രഭാസ് വീഡിയോയില്‍ പറയുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ആരാധകരെ ആകാംക്ഷയിലാക്കിയുള്ള താരത്തിന്റെ സര്‍പ്രൈസ് വീഡിയോ പേജില്‍ പോസ്റ്റ് ചെയ്തത്.

സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.

ശ്രദ്ധാ കപൂര്‍ നായികയായി എത്തുന്ന സാഹോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ്. പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ ഇശാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

pathram:
Related Post
Leave a Comment