താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ല; ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ വിശ്വസനീയമല്ല; കഥ കെട്ടിച്ചമച്ചത്; ഡബ്ല്യു.സി.സിയുടെ ഉദ്ദേശ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും ശ്രീനിവാസന്‍

നടന്‍ ദിലീപിനെ പിന്തുണച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ കടന്നാക്രമിച്ചും നടന്‍ ശ്രീനിവാസന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീനിവാസന്‍ ആരോപിച്ചു. മാത്രമല്ല ഡബ്ല്യു.സി.സിയുടെ ഉദ്ദേശ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ കുട്ടിമാമയുടെ പ്രചരാണാര്‍ഥം ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഒന്നരക്കോടി രൂപയ്ക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ലെന്ന് ശ്രീനിവാസന്‍ പറയുന്നു.

വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെയും ശ്രീനിവാസന്‍ തുറന്നവിമര്‍ശനം ഉന്നയിച്ചു. ഡബ്ല്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ല. തുല്യവേതനമെന്ന ആവശ്യവും സിനിമാംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച വിമര്‍ശനങ്ങളെയും ശ്രീനിവാസന്‍ തള്ളി. ഒരു സംഘടനയേയും നശിപ്പിക്കാനല്ല താന്‍ സംസാരിക്കുന്നതെന്നും ചിലകാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.

അതിനിടെ നടി ആക്രമണത്തിന് ഇരയായ കേസില്‍ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസില്‍ എട്ടാംപ്രതിയായ നടന്‍ ദിലീപ് മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് നിലപാട് എടുക്കാന്‍ കഴിയാതെ വന്നതോടെയാണ് സുപ്രീം കോടതി വിചാരണ സ്റ്റേ ചെയ്തത്.

മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് ഇന്നറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മറുപടി നല്‍കാന്‍ സാവകാശം വേണമെന്നാണ് ഇന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഇതോടെ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ വേനല്‍ അവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റിവച്ച കോടതി അതില്‍ തീരുമാനം ആകുംവരെ വിചാരണ സ്റ്റേ ചെയ്യുന്നതായും അറിയിച്ചു.

രേഖയാണെങ്കില്‍ അത് ദിലീപിന് കൈമാറുന്നതില്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും കോടതി ഇന്നലെ വാക്കാല്‍ പറഞ്ഞിരുന്നു. മെമ്മറി കാര്‍ഡ് തൊണ്ടിമുതലല്ല, രേഖയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്.

pathram:
Leave a Comment