അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരേ കര്‍ശന നടപടി; സ്പീഡ് ഗവര്‍ണറും ജിപിഎസും ഘടിപ്പിക്കും

തിരുവനന്തപുരം: യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താത്ത അന്തസ്സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കോണ്‍ട്രാക്ട് കാര്യേജുകളായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ് സര്‍വീസുകളില്‍ വ്യാപകമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഇവയെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ബസുകളില്‍ ജൂണ്‍ ഒന്നാം തീയതി മുതല്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കും. അമിത ചാര്‍ജ് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടിയുണ്ടാകും കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് നിലവില്‍ നിരക്ക് നിശ്ചയിച്ചിട്ടില്ല. ഏതു വിധത്തിലാണ് നിരക്ക് നിശ്ചയിക്കേണ്ടതെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടിക്കറ്റ് ബുക്കിങ് ഏജന്‍സികളുടെ പ്രവര്‍ത്തനം പരിശോധിക്കുകയും ലൈസന്‍സ് ഇല്ലാത്ത ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. ഇത്തരം ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പുതിയ നടപടിക്രമങ്ങള്‍ ഉണ്ടാക്കുകയും അവ കര്‍ശനമാക്കുകയും ചെയ്യും. കോണ്‍ട്രാക്ട് കാര്യേജ് എന്ന വ്യവസ്ഥ ലംഘിച്ച് ഗുഡ്സ് കാര്യേജ് ആയി പ്രവര്‍ത്തിക്കുന്നത് കണ്ടെത്താന്‍ പോലീസിന്റെയും നികുതി വകുപ്പിന്റെയും സഹകരണത്തോടെ ശക്തമായ പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment