തരൂര്‍ തോറ്റാല്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസുകാര്‍ക്ക് പണികിട്ടും

.തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന ത്രികോണപ്പോരാണ് തിരുവനന്തപുരത്ത് നടക്കുന്നത്. എങ്കിലും തലസ്ഥാനത്തെ കോണ്‍ഗ്രസ് പ്രചാരണ പ്രവര്‍ത്തനം പോരെന്ന പരാതി വ്യാപകുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ശശി തരൂര്‍ തോറ്റാല്‍ കര്‍ശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കി. പ്രചാരണത്തിലെ മെല്ലെപ്പോക്കാണ് നേതൃത്വത്തിന്റെ ഇടപെടലിന്റെ കാരണം.

മണ്ഡലത്തിന്റെ പലയിടത്തും സ്‌ക്വാഡുകള്‍ ഇതുവരെ എത്തിയിട്ടില്ല, നോട്ടീസ് വിതരണം പൂര്‍ത്തിയായില്ല, വാഹനപര്യടനത്തില്‍ ഏകോപനമില്ല തുടങ്ങി പരാതികള്‍ നിരവധിയാണ്. തരൂര്‍ ക്യാമ്പ് പരാതിപ്പെട്ടതോടെയാണ് കെപിസിസി വാളെടുത്തത്. തരൂര്‍ തോറ്റാല്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ തെറിപ്പിക്കുമെന്ന് ജില്ലയില്‍ പ്രചാരണ ചുമതലയുള്ള നേതാക്കള്‍ക്ക് കെപിസിസി നേതൃത്വം അന്ത്യശാസന നല്‍കിയെന്നാണ് സൂചന. പക്ഷെ തരൂര്‍ പരസ്യമായി ഒരു പരാതിയും ഉന്നയിച്ചിട്ടില്ല.

എന്നാല്‍ ഒരു പരാതിയും ജില്ലാ നേതൃത്വത്തിന് കിട്ടിയില്ലെന്നാണ് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ നല്‍കുന്ന വിശദീകരണം. ഫേസ്ബുക്കിലൂടെ ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ചിലരുടെ മെല്ലെപ്പോക്ക് ചൂണ്ടിക്കാണിച്ചത് വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും സതീഷിന് പുതിയ മണ്ഡലത്തിന്റെ ചുമതല നല്‍കിയെന്നും നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു. പ്രാദേശിക നേതാക്കള്‍ പ്രചാരണം ഉഷാറായില്ലെങ്കില്‍ സ്വന്തം നിലക്ക് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ രംഗത്തിറക്കാന്‍ വരെ തരൂര്‍ ക്യാമ്പ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

pathram:
Leave a Comment