കിട്ടുണ്ണിയിലൂടെ ട്രോളുമായി ഇന്നസെന്റ്; ബിജെപിയുടെ പ്രകടന പത്രികയ്‌ക്കെതിരേ ട്രോള്‍…

ചാലക്കുടി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ ട്രോളി ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയും സിനിമാ താരവുമായ ഇന്നസെന്റ് രംഗത്ത്. കിലുക്കം എന്ന ചിത്രത്തില്‍ ഇന്നസെന്റ് തന്നെ അഭിനയിച്ച് അനശ്വരമാക്കിയ കിട്ടുണ്ണി എന്ന കഥാപാത്രം ലോട്ടറി അടിച്ച് ഞെട്ടുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് ഇന്നസെന്റ് ബി.ജെ.പിയെ ട്രോളിയത്. ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി ‘വര്‍ഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും’ എന്ന കുറിപ്പോടെയായിരുന്നു ഇന്നസെന്റിന്റെ പോസ്റ്റ്.

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചാലക്കുടിയിലെ സിറ്റിങ് എം.പി കൂടിയായ ഇന്നസെന്റ് എം.പി ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് വാശിയേറിയ മത്സരം നടക്കുന്ന ചാലക്കുടിയില്‍ നേരത്തെയും ഇന്സെന്റ് ട്രോളുകള്‍ പ്രചരണത്തിന് ഉപയോഗിച്ചിരുന്നു. നേരത്തെ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരാണ് ഇന്നസെന്റിന്റെ ട്രോളുകള്‍ക്ക് ഇരയായിരുന്നത്. മലയാളി ട്രോളന്മാര്‍ ട്രോളുകള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സിനിമാ കഥാപാത്രങ്ങള്‍ ഇന്നസെന്റിന്റേതാണ്. ഇപ്പോള്‍ ഇന്നസെന്റ് തന്നെ ട്രോളാന്‍ തുടങ്ങി എന്നത് ട്രോള്‍ വൈറലാക്കി.

pathram:
Leave a Comment