തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി സുരേഷ് ഗോപി

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു . തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പാര്‍ട്ടി പരിശോധിക്കുമെന്നും നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു.
അയ്യന്‍ എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് പരിശോധിക്കൂ. ഞാന്‍ ഒരിക്കലും വിശ്വാസത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ല. സ്വന്തം ഇഷ്ടദേവന്റെ പേര് ഉച്ചരിക്കാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതിന് ജനം മറുപടി നല്‍കും. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്ന് പ്രസംഗത്തില്‍ തന്നെ പറഞ്ഞതാണ്. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞദിവസം തൃശ്ശൂരിലെ എന്‍.ഡി.എ. കണ്‍വെന്‍ഷനിടെയായിരുന്നു എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് വിവാദമായത്. സംഭവത്തില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. എന്‍.ഡി.എ. സ്ഥാനാര്‍ഥി പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നും സംഭവത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചത്.

pathram:
Leave a Comment