ഇന്ത്യക്ക് യുദ്ധഭ്രാന്ത്..!!! പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: വീണ്ടും ഇന്ത്യയെ കടന്നാക്രമിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയ്ക്ക് യുദ്ധഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പാക്ക് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പാക്കിസ്ഥാനിലെ ഭീകരപ്രവര്‍ത്തനങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പുല്‍വാമയെ പോലെയുള്ള ഭീകരാക്രമണങ്ങളുടെ പേരില്‍ പഴി കേള്‍ക്കാന്‍ ഇനി പാകിസ്താന് കഴിയില്ല. പുതിയ പാകിസ്താനില്‍ ഭീകരര്‍ക്ക് യാതൊരു സ്ഥാനവുമില്ല. ഭീകരപ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഏറ്റവും ശക്തമായ നടപടികളാണ് തന്റെ ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്നതെന്നും ഇത് പാകിസ്താനില്‍ മുമ്പൊരിക്കലും സഭവിച്ചിട്ടില്ലെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.

കശ്മീരില്‍ പുല്‍വാമയിലേത്പോലുള്ള ഭീകരാക്രമണങ്ങള്‍ സംഭവിക്കുന്നത് കാശ്മീരില്‍ മോദിയുടെ മുസ്ലീം വിരുദ്ധ സര്‍ക്കാര്‍ പിന്തുടരുന്ന തെറ്റായ നയങ്ങള്‍ മൂലമാണെന്നും ഇമ്രാന്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ മോദി യുദ്ധവെറി പടര്‍ത്താന്‍ ഉപയോഗിക്കുകയാണ്. ഇത് വെറും തട്ടിപ്പ് മാത്രമാണെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ഭീകരാക്രമണത്തിന്റെ മുഖ്യാസുത്രകന്‍ പാക്കിസ്ഥാനില്‍ തന്നെയാണുള്ളത് എന്ന് സ്വന്തം വിദേശകാര്യമന്ത്രി വ്യക്തമാക്കിയിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാന് ഇമ്രാന്‍ ഖാന്‍ തയ്യാറായിട്ടില്ലെന്ന വിമര്‍ശനം പാക്കിസ്ഥാനില്‍ നിന്നും ഉയരുന്നുണ്ട്.

pathram:
Leave a Comment