25 തവണ കേരളത്തിലെ ഒരുമന്ത്രിയെ വിളിച്ചു; കേന്ദ്ര പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ വേണ്ട രീതിയില്‍ നടപ്പാക്കുന്നില്ലെന്ന് കണ്ണന്താനം

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ കേരളസര്‍ക്കാര്‍ വേണ്ടരീതിയില്‍ നടപ്പാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളത്തിലെ ഒരുമന്ത്രിയെ കഴിഞ്ഞ ദിവസം 25 തവണ ഫോണില്‍ വിളിച്ചു. അദ്ദേഹം എടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല. എന്നാല്‍, മന്ത്രി ആരെന്ന് പറയാന്‍ കണ്ണന്താനം വിസമ്മതിച്ചു.

അടുത്ത ദിവസങ്ങളില്‍ നിര്‍മാണം ആരംഭിക്കുന്ന പദ്ധതികളെക്കുറിച്ച് പറയുന്നതിന് ഇടയ്ക്കായിരുന്നു വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍, ഇവിടെ നടത്തുന്ന പരിപാടികളില്‍നിന്ന് കേരള ടൂറിസം ഡെവലപ്പമെന്റ് കോര്‍പ്പറേഷനെ ഒഴിവാക്കുന്നെന്ന് ചൂണ്ടിക്കാട്ടി, അടുത്തിടെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചെന്ന് വാര്‍ത്ത വന്നിരുന്നു. അതില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും കണ്ണന്താനം അറിയിച്ചു.

കേന്ദ്ര വിനോദസഞ്ചാര വകുപ്പ് കേരളത്തില്‍ എന്ത് പരിപാടി നടത്തിയാലും മുഖ്യമന്ത്രിയെയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും താന്‍ കത്തിലൂടെ അറിയിക്കാറുണ്ട്. അടുത്തിടെ, കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രിക്കും അയച്ച കത്തുകളുടെ പകര്‍പ്പും കണ്ണന്താനം ഹാജരാക്കി.

ഈ മര്യാദ കേരളസര്‍ക്കാര്‍ തിരിച്ചു കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ നൂറ് ശതമാനം തുകയും നല്‍കുന്ന പദ്ധതികളാണ് കേരളത്തിലെ ടൂറിസം മേഖലയില്‍ നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 550 കോടിയിലേറെ രൂപയുടെ പദ്ധതികള്‍ കേരളത്തിന് നല്‍കി.

ശബരിമല-പമ്പ-എരുമേലി എന്നിവിടങ്ങളിലെ വികസനത്തിനായി നല്‍കിയ 99.99 കോടിരൂപ രണ്ടുവര്‍ഷമായി ചെലവഴിച്ചിട്ടില്ല. കേന്ദ്രത്തില്‍നിന്ന് തന്നത് ചെലവഴിക്കാതെ കഴിഞ്ഞ സംസ്ഥാനബജറ്റില്‍ ശബരിമലയ്ക്കായി കോടികള്‍ മാറ്റിവെച്ചെന്ന് പറയുന്നതില്‍ കാര്യമുണ്ടോയെന്ന് ജനം വിലയിരുത്തും.

രാജ്യത്തെ ടൂറിസം വരുമാനത്തിന്റെ മഹാഭൂരിപക്ഷവും ആത്മീയടൂറിസത്തില്‍നിന്നായതുകൊണ്ടാണ് വിവിധ ആരാധനാലയങ്ങളിലെ അടിസ്ഥാനസൗകര്യവികസനത്തിന് തുക അനുവദിച്ചത്.

കേന്ദ്രം കേരളത്തിന് അനുവദിച്ച ടൂറിസം പദ്ധതികളുടെ ലിസ്റ്റ് ഇങ്ങനെ.

ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് വികസനം -69.47 കോടി രൂപ ( നിര്‍മാണോദ്ഘാടനം ഫെബ്രുവരി 10ന് രാവിലെ ഒന്‍പതിന് ശിവഗിരിയില്‍ നടക്കും).

133 ആരാധനാലയങ്ങളുടെ വികസനത്തിനായി കേരള സ്പിരിറ്റ്വല്‍ സര്‍ക്യൂട്ട് -85.23 കോടി രൂപ (നിര്‍മാണജോലികള്‍ 16ന് 3.30ന് പത്തനംതിട്ടയില്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശഖരന്‍ ഉദ്ഘാടനം ചെയ്യും).

ഗവി-വാഗമണ്‍-തേക്കടി വികസനം -76.55 കോടി രൂപ പദ്ധതി ഉദ്ഘാടനം 17ന് 11.30ന് വാഗമണില്‍ നടക്കും.

പദ്മനാഭസ്വാമിക്ഷേത്രം-ആറന്മുള-ശബരിമല വികസനം-94.44 കോടി രൂപ.

പ്രസാദം സ്‌കീമില്‍ ഗുരുവായൂര്‍ വികസനം- 46 കോടി .

മലബാര്‍ ക്രൂസ് ടൂറിസം വികസനം-80.37 കോടി രൂപ.

പ്രളയത്തെത്തുടര്‍ന്ന് കേരളത്തില്‍ വിനോദസഞ്ചാരം കുറഞ്ഞതുമൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൃശ്ശൂരിലും കാഞ്ഞിരപ്പള്ളിയിലും സാംസ്‌കാരികോത്സവം നടത്തും. പത്ത് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഇവിടങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. തൃശ്ശൂരില്‍ ഫെബ്രുവരി 23നും കാഞ്ഞിരപ്പള്ളി അമല്‍ജ്യോതിയില്‍ 24നുമാണ് മേള. പ്രവേശം സൗജന്യമാണ്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment