അവള്‍ ബുദ്ധിയില്ലാത്തവള്‍; വെറും ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു; സബ്കലക്റ്റര്‍ക്കെതിരേ എംഎല്‍എ

തൊടുപുഴ: ദേവികുളം സബ്കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ. സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ സംഘത്തോടാണ് എം.എല്‍.എ. ഇപ്രകാരം പറഞ്ഞത്. എന്നാല്‍ സബ്കളക്ടര്‍ തന്നെ അധിക്ഷേപിച്ചെന്നും സാധാരണപൗരനായാണ് താന്‍ സംസാരിച്ചതെന്നും എം.എല്‍.എ.യും പറയുന്നു.

അവള്‍ ഇതെല്ലാം വായിച്ചുപഠിക്കണ്ടേ. സ്‌കെച്ചും പ്ലാനും അംഗീകരിച്ചിട്ടാണോ? എന്‍.ഒ.സി. വാങ്ങിച്ചിട്ടാണോ? നാളെ ഇവര്‍ ഒടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍പറ്റുമോ? അവള്‍ ബുദ്ധിയില്ലാത്തവള്‍. വെറും ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു. കളക്ടറാകാന്‍വേണ്ടിമാത്രം പഠിച്ചിട്ട് കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ.

ബില്‍ഡിങ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്. അവള്‍ക്കിടപെടാന്‍ യാതൊരു റൈറ്റുമില്ല. അവളുടെ പേരില്‍ ഇതിന്റെ നാശനഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂട്ടിവന്ന പോലീസിനെയും ഇവളെയും ചേര്‍ത്ത് െ്രെപവറ്റ് കേസ് ഫയല്‍ ചെയ്യുക. മൂന്നാറില്‍കൂടി നാളെ റോഡ് ടാര്‍ ചെയ്യണമെങ്കില്‍ നാളെ എന്‍.ഒ.സി. ചോദിച്ചാലോ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ. എന്നിട്ട് ജനപ്രതിനിധികള്‍ പറഞ്ഞാല്‍ കേക്കത്തില്ലെന്ന് പറഞ്ഞാല്‍… ഇങ്ങനെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.

മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോപ്ലക്‌സ് നിര്‍മാണം തടയാന്‍ വെള്ളിയാഴ്ചയാണ് റവന്യൂ സംഘം എത്തിയത്. ഇവരെ എം.എല്‍.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് എം.എല്‍.എ. സബ്കളക്ടര്‍ക്കെതിരേ മോശമായ ഭാഷയില്‍ സംസാരിച്ചത്. ലോക്കല്‍ ചാനല്‍ പ്രവര്‍ത്തകര്‍ ഇത് പകര്‍ത്താന്‍ശ്രമിച്ചപ്പോള്‍ അപകടം മണത്ത എം.എല്‍.എ. സ്ഥലത്തുനിന്ന് മാറി. എന്നാല്‍, വീഡിയോദൃശ്യങ്ങള്‍ ചാനലുകളിലൂടെ പ്രചരിച്ചപ്പോള്‍ വിവാദമാകുകയായിരുന്നു.

എം.എല്‍.എ.ക്കെതിരേ സബ്കളക്ടര്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്. റവന്യൂ വകുപ്പ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും കെട്ടിടനിര്‍മാണം തുടര്‍ന്ന മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ തിങ്കളാഴ്ച ഹൈക്കോടതിയില്‍ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുമെന്ന് സബ് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍, ദേവികുളം സബ്കളക്ടര്‍ തന്നെയാണ് അധിക്ഷേപിച്ചതെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. സ്‌റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘താന്‍ പോയി പണിനോക്കാന്‍ പറഞ്ഞു’ എന്നാണ് എം.എല്‍.എ. ആരോപിക്കുന്നത്. എന്നാല്‍, രേണുരാജ് ഇത് നിഷേധിച്ചിട്ടുണ്ട്. എസ്. രാജേന്ദ്രനെ എം.എല്‍.എ. എന്നുമാത്രമാണ് വിളിച്ചത്. നിര്‍മാണം തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നാണ് പറഞ്ഞത് സബ് കളക്ടര്‍ അറിയിച്ചു.

pathram:
Leave a Comment