ശബരിമല ദര്‍ശനം നടത്താന്‍ വീണ്ടും യുവതികള്‍ എത്തും; ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുംഭമാസപൂജകള്‍ക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയേക്കാമെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ്. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതലുകളെടുക്കാന്‍ പോലീസ് തീരുമാനിച്ചു.

3000 പോലീസുകാരെ സുരക്ഷാചുമതലകള്‍ക്കായി നിയോഗിക്കും. സന്നിധാനത്ത് പോലീസ് ആസ്ഥാനം സ്‌പെഷ്യല്‍ സെല്‍ എസ്.പി. വി. അജിത്തും ഡിവൈ.എസ്.പി.മാരായ പ്രതാപന്‍, പ്രദീപ്കുമാര്‍ എന്നിവരും സുരക്ഷാചുമതല വഹിക്കും. പമ്പയില്‍ ടെലി കമ്യൂണിക്കേഷന്‍ എസ്.പി. എച്ച്. മഞ്ജുനാഥ്, ഡിവൈ.എസ്.പിമാരായ ഹരികൃഷ്ണന്‍, വി. സുരേഷ് കുമാര്‍ എന്നിവരും നിലയ്ക്കലില്‍ കൊല്ലം കമ്മിഷണര്‍ പി. മധു, ഡിവൈ.എസ്.പിമാരായ സജീവന്‍, ജവഹര്‍ ജനാര്‍ദ് എന്നിവരും മേല്‍നോട്ടംവഹിക്കും.

തുലാമാസപൂജയ്ക്ക് നടതുറന്നപ്പോഴുണ്ടായ സംഘര്‍ഷ സാഹചര്യം ഇപ്പോഴില്ല. കുംഭമാസപൂജയ്ക്ക് നട തുറക്കുമ്പോള്‍ യുവതികളെത്തിയാല്‍ അത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നും പോലീസ് കരുതുന്നു. ചില സംഘടനകളെ ഇന്റലിജന്റ്‌സ് വിഭാഗം നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടില്ല.

മണ്ഡലമകരവിളക്ക് കാലത്തിന്റെ അവസാനസമയത്ത് യുവതീപ്രവേശത്തിനെതിരേ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ അയ്യപ്പഭക്തരില്‍നിന്ന് കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഫെബ്രുവരി 12ന് രാവിലെ 10 മണിക്കുശേഷമേ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും ഭക്തരെയും മാധ്യമ പ്രവര്‍ത്തകരെയും കടത്തിവിടുകയുള്ളൂ.

pathram:
Leave a Comment