ആക്ഷൻ ഹീറോ ബിജു…!!! വൃദ്ധയുടെ മാല പൊട്ടിച്ചയാളെ പിടികൂടിയത് ഇങ്ങനെ…

തിരുവനന്തപുരം:ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാറിന്റെ സമയോചിത ഇടപെടലിലൂടെ നഗരത്തിലെ ധാരാളം മാലപൊട്ടിക്കൽ കേസുകളിലെ പ്രതി പിടിയിലായി. ബുധനാഴ്ച രാവിലെ പൂജപ്പുരയിൽ ഒരു വൃദ്ധയോട് വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരൻ അവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞു. സംഭവം നടന്നതിന് സമീപത്തെ CCTV ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ നിന്നും മോഷ്ടാവിന്റെയും ബൈക്കിന്റെയും സൂചനകൾ വയർലസ് സൈറ്റിലൂടെ പോലീസ് കൺട്രോൾ റൂമിൽ നിന്നും അറിയിക്കുകയായിരുന്നു. ഈ സമയം മ്യൂസിയം സ്റ്റേഷനു മുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ബിജു ഈ വയർലെസ് സന്ദേശം കേൾക്കുകയും റോഡിലും പരിസരത്തും നിരീക്ഷണം നടത്തുകയുമുണ്ടായി.

വയർലെസ് സന്ദേശത്തിൽ അറിയിച്ച നമ്പരിലുള്ള ബൈക്ക് കനകക്കുന്നിന് സമീപം പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തകയും വാഹനം നിരീക്ഷിക്കുകയും ചെയ്തു. അൽപനേരം കഴിഞ്ഞ് ആ ബൈക്ക് എടുക്കാൻ വന്ന യുവാവിനെ തടഞ്ഞു നിർത്തുകയും വിവരം തൊട്ടടുത്ത മ്യൂസിയം സ്റ്റേഷനിൽ അറിയിക്കുകയുമുണ്ടായി. തുടർന്ന് CCTV ദൃശ്യവുമായി ഒത്തുനോക്കി മോഷ്ടാവ് അയാളാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതിനിടയിൽ ഷാഡോ പോലീസെത്തുകയും മുമ്പ് നടന്നിട്ടുള്ള മാല മോഷണ കേസുകളിലും ഉൾപ്പെട്ടിരുന്ന പൂജപ്പുര സ്വദേശി സജീവ് (38) ആണിതെന്നും സ്ഥിരീകരിക്കുകയുണ്ടായി. പ്രതിയെ കണ്ടെത്തുന്നതിന് നിർണായക ഇടപെടൽ നടത്തിയസിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ബിജുകുമാർ തിരുവല്ലം വണ്ടിത്തടം സ്വദേശിയാണ്. ബിജുകുമാറിനെ സിറ്റി പോലീസ് കമ്മീഷണർ അഭിനന്ദിച്ചു.

pathram:
Leave a Comment