ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍…; ട്വന്റി ട്വന്റി മത്സരം ഇന്നുമുതല്‍

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള മൂന്ന് ട്വന്റി20 കളുടെ ക്രിക്കറ്റ് പരമ്പര ഇന്നു തുടങ്ങും. വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം നടക്കുന്നത്. വെസ്റ്റ്പാക് സ്റ്റേഡിയത്തിന്റെ അപ്രവചനീയത ടോസ് മുതല്‍ ഉദ്വേഗം ജനിപ്പിക്കും. ന്യൂസിലാന്‍ഡില്‍ മത്സരം പകലും രാത്രിയുമായതിനാല്‍ ഈര്‍പ്പവും നിര്‍ണായകമാകും. പിച്ചിന് ഒറ്റനോട്ടത്തില്‍ കാണുന്ന സ്വഭാവമല്ല കളി പുരോഗമിക്കുമ്പോള്‍. കഴിഞ്ഞ മത്സരത്തില്‍ ഇവിടെ മികച്ച സ്വിങ് ലഭിച്ചിരുന്നു. ഇവിടെ അവസാനം നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ 12 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ന്യൂസിലന്‍ഡ് ബാറ്റിങ് വെടിക്കെട്ടിലൂടെ 196 റണ്ണെടുത്തിരുന്നു. മറുപക്ഷത്ത് ഇംഗ്ലണ്ട് പൊരുതിയാണു കീഴടങ്ങിയത്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഇന്നും റണ്‍ മഴ പ്രതീക്ഷിക്കാം.

ട്വന്റി20 യിലെ കരുത്തുറ്റ ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. കഴിഞ്ഞ 10 ദ്വിരാഷ്ട്ര ട്വന്റി20 പരമ്പരകള്‍ നേടിയ ആത്മവിശ്വാസമാണ് ഇന്ത്യയുടെ കരുത്ത്. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ കളിച്ച 12 ട്വന്റി20 കളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. ന്യൂസിലന്‍ഡിന് ഏകദിന പരമ്പര 4-1 നു വിട്ടുകൊടുക്കേണ്ടി വന്നതിന്റെ നിരാശ ട്വന്റി20 കളില്‍ തീര്‍ക്കണം. ഏകദിന ടീമിന്റെ ഭാഗമല്ലായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് ടീമിനൊപ്പം ചേര്‍ന്നു. ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ട്വന്റി20 പരമ്പരയില്‍നിന്ന് ഒഴിവാക്കിയിരുന്ന മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണി ഇത്തവണ ടീമിലുണ്ട്. ജൂലൈയിലാണു ധോണി അവസാനം ട്വന്റി20 കളിച്ചത്.

വിരാട് കോഹ്ലിക്കു വിശ്രമം അനുവദിച്ചതിനാല്‍ പരിചയ സമ്പന്നനായ ധോണിയുടെ സാന്നിധ്യം ഇന്ത്യക്ക് അനിവാര്യമാണ്. മികച്ച ഫിനിഷറാണെങ്കിലും ദിനേഷ് കാര്‍ത്തിക്ക് അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കാനിടയില്ല. അഞ്ചാം ഏകദിനത്തില്‍ 90 റണ്ണുമായി തിളങ്ങിയ അമ്പാട്ടി റായിഡു ഇന്നു കളിക്കുമെന്ന് ഉറപ്പാണ്. ഏകദിനത്തില്‍ കാര്യമായി റണ്ണെടുക്കാന്‍ കഴിയാതിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാനും ഇത് തിളങ്ങാനുള്ള അവസരമാണ്. ന്യൂസിലന്‍ഡ് പേസര്‍മാരുടെ സ്വിങ് ബോളുകളെ ഫലപ്രദമായി നേരിടാന്‍ ധവാന് ഇതുവരെ കഴിഞ്ഞില്ല. ന്യൂസിലന്‍ഡില്‍ ട്വന്റി20 പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2008-09 സീസണില്‍ നടന്ന ദ്വിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ഇന്ത്യ 2-0 നു കൈവിട്ടിരുന്നു. ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ കൂടാതെയാണു ന്യൂസിലന്‍ഡ് കളിക്കുക. ബോള്‍ട്ടിനു വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍, പേസര്‍ ബ്ലെയര്‍ ടിക്നര്‍ എന്നിവര്‍ ഇന്ന് ന്യൂസിലന്‍ഡിനു വേണ്ടി അരങ്ങേറും. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഇന്നു കളിക്കില്ല.

പരുക്കിന്റെ പിടിയിലായ ഗുപ്റ്റിലിനു പകരം ജെയിംസ് നീഷാം കളിക്കും. ഗുപ്റ്റിലിന്റെ അഭാവത്തില്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഓപ്പണറുടെ റോളില്‍ കളിക്കുമെന്നാണു സൂചന. ട്വന്റി20 യിലെ ന്യൂസിലന്‍ഡിന്റെ അടുത്ത കാലത്തെ പ്രകടനങ്ങള്‍ ആശാവഹമല്ല. കഴിഞ്ഞ ഏഴ് ട്വന്റി20 പരമ്പരകളില്‍ രണ്ടെണ്ണം മാത്രമാണ് അവര്‍ നേടിയത്. യു.എ.ഇയില്‍ പാകിസ്താനെതിരേ നടന്ന പരമ്പരയില്‍ ന്യൂസിലന്‍ഡ് ഒരു മത്സരം പോലും ജയിച്ചില്ല. റാങ്കിങ്ങിലും അവര്‍ താഴേക്കു പോയി. ഏറ്റവും പുതിയ ട്വന്റി20 റാങ്കിങ് പ്രകാരം ന്യൂസിലന്‍ഡ് ആറാം സ്ഥാനത്താണ്.

ടീം: ഇന്ത്യ – രോഹിത് ശര്‍മ (നായകന്‍), ശിഖര്‍ ധവാന്‍, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ / കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, യുസ്വേന്ദ്ര ചാഹാല്‍/ കുല്‍ദീപ് യാദവ്.

ടീം: ന്യൂസിലന്‍ഡ്- കെയ്ന്‍ വില്യംസണ്‍ (നായകന്‍), കോളിന്‍ മുണ്‍റോ, ടിം സീഫര്‍ട്ട്, റോസ് ടെയ്ലര്‍, ജെയിംസ് നീഷം, കോളിന്‍ ഡി ഗ്രാനോമെ, മിച്ചല്‍ സാന്റ്നര്‍, സ്‌കോട്ട് കൂളിഗാന്‍, ഡഗ് ബ്രേസ്വെല്‍, ലൂകി ഫെര്‍ഗുസണ്‍/ ടിം സൗത്തി, ഇഷ് സോധി.

മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് 1/ എച്ച്.ഡി. ചാനലിലും ഹോട്ട്സ്റ്റാര്‍, ജിയോ ടിവി തുടങ്ങിയ ഓണ്‍ലൈനുകളിലും തത്സമയം കാണാം.

pathram:
Related Post
Leave a Comment