ആലപ്പുഴ:’ഇവളെപ്പോലുള്ളയാളുകളെ വച്ചോണ്ടിരുന്നാല്‍ പാര്‍ട്ടി മാത്രമല്ല നാടും നാറും. രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ട് വന്നാല്‍ ഇവള്‍ക്ക് വേറെ പരിപാടിയായിരുന്നു. ഇവള്‍ എന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു.’ മന്ത്രി ജി സുധാകരനെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ കേസില്‍ കുടുക്കിയത് ഇങ്ങനെ ഏറ്റവും ഹീനമായ ആക്ഷേപത്തെ തുടര്‍ന്നാണെന്ന് ഇര ഉഷയുടെ വെളിപ്പെടുത്തല്‍. 2016 ഫെബ്രുവരി 28 ന് അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ജിസുധാകരന്‍ നടത്തിയ പരാമര്‍ശം വ്യക്തി എന്ന നിലയിലുള്ള മുറിപ്പെടുത്തല്‍ ആഴത്തിലാക്കിയത് അത് ഒരു പൊതുസമൂഹത്തിന്റെ മുമ്പില്‍ വെച്ച് നടത്തിയത് കൊണ്ടാണ്.
ജി സുധാകരന്‍ സഹകരണ ദേവസ്വം മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ തനിക്കെതിരേ കടുത്ത അപമാനിക്കലാണ് നടത്തിയതെന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന തോട്ടപ്പള്ളി സ്വദേശിനി ഉഷ സാലി നല്‍കിയ പരാതിയില്‍ പറയുന്നു. പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നപ്പോള്‍ 20,000 രൂപ താന്‍ ശമ്പളം കൊടുത്തിരുന്നു. അതുകൊണ്ടാണ് അവള് വീടുവച്ചത്. അവളുടെ മകളുടെ കല്യാണം നടത്തിക്കൊടുത്തത് ഞാനാണ്. എന്നെല്ലാം മൈക്കിലൂടെ വിളിച്ചുപറഞ്ഞു. അത്രയൊന്നും ശമ്പളം ഇല്ലായിരുന്നു. മകളുടെ കല്യാണത്തിന് തലേദിവസം വന്ന് 500 രൂപയാണ് ആകെ തന്നത്.
ഇതൊന്നുമല്ല എന്നെ പൊതുവേദിയില്‍ വച്ച് അത്രയും അധിക്ഷേപിച്ചതാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് അവര്‍ പരാതിയില്‍ പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും തോട്ടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുമുള്‍പ്പെടെ നിരവധി പാര്‍ട്ടി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ അപമാനം ആരും ചോദിച്ചില്ല. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ട് തിരിഞ്ഞുനോക്കിയില്ല. പിണറായി മുഖ്യമന്ത്രിയായ ശേഷം പരാതി നല്‍കി, പോലീസിലും പരാതി നല്‍കി. ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് കോടതിയില്‍ പോയത്.
ഇന്ത്യയിലെ വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയ്ക്കും മേലില്‍ ഇത്തരമൊരു അനുഭവം ഉണ്ടാവരുതെന്ന് കരുതിയാണ് കേസ് കൊടുത്തത്. മൂന്ന് വര്‍ഷമായി തുടരുന്ന പോരാട്ടം ഇനിയും തുടരുമെന്ന് ഇവര്‍ പറയുന്നു. മന്ത്രി ജി സുധാകരനതിരെ സ്ത്രീ വിരുദ്ധതയ്ക്ക് കേസ് എടുക്കാന്‍ അമ്പലപ്പുഴ ജുഡീഷ്വല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേററ് കോടതിയാണ് ഇന്നലെ ഉത്തരവിട്ടത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തനിക്കെതിരെ മൈക്കിലൂടെ പൊതുവേദിയില്‍ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉഷ പരാതിനല്‍കിയത്. ഉഷ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാഞ്ഞതോടെ റഫര്‍ റിപ്പോര്‍ട്ടായി കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തുകയായിരുന്നു.
സുധാകരന് വേണ്ടി രാപകലില്ലാതെ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം ഉള്‍പ്പെടെ 25 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടയാളായിട്ടും ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. കൊട്ടാരവളവ് ബ്രാഞ്ച് സെക്രട്ടറിയും മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മറ്റി അംഗവും ഒക്കെ ആയിരിക്കുമ്പോള്‍ റോഡ് ഉദ്ഘാടനത്തിന് വന്ന വേദിയില്‍ വിളിച്ചിരുത്തി കൈചൂണ്ടി എടീ പോടീയെന്നെല്ലാം വിളിച്ചു. എന്തെങ്കിലും തെറ്റുണ്ടെങ്കിലും അത് പേഴ്‌സണലായി ചൂണ്ടിക്കാട്ടാന്‍ അവസരമുണ്ടായിട്ടും അത് ചെയ്യാതെ വേദിയില്‍ വിളിച്ചിരുത്തി കൈചൂണ്ടിക്കൊണ്ടാണ് എടീ പോടീ എന്നൊക്കെ വിളിച്ചത്. നിന്നെ ഇനി മേലാല്‍ ഈ പാര്‍ട്ടിയില്‍ കണ്ടുപോകരുതെന്നും പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് കള്ളപ്പരാതിയുണ്ടാക്കി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആയിരുന്നു പാര്‍ട്ടിയുടെ ശ്രമം. 10 വര്‍ഷം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ഭര്‍ത്താവ് സാലിയെ ഒരു കാരണവുമില്ലാതെ പാര്‍ട്ടി പുറത്താക്കി. പത്രസമ്മേളനം വിളിച്ച് നടന്ന കാര്യങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജിവക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. അതേസമയം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ പ്രശ്‌നങ്ങളാണ് മന്ത്രിയുടെ മോശം പെരുമാറ്റത്തിന് കാരണമെന്നു മുന്‍ സിപിഎം ഏരിയ കമ്മറ്റി അംഗം കൂടിയായ ഉഷയുടെ ഭര്‍ത്താവ് സാലി വ്യക്തമാക്കുന്നു. വിവാദ സംഭവങ്ങള്‍ക്ക് പിന്നാലെ ഉഷയും ഭാര്യയും സിപിഐ യിലേക്ക് മാറിയിരിക്കുകയാണ്.
Leave a Comment