ബജറ്റ്: സംസ്ഥാനത്തെ ഭൂരിപക്ഷം ഉത്പന്നങ്ങള്‍ക്കും വില കൂടും

തിരുവനന്തപുരം: കേരള ബജറ്റില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം ഉത്പന്നങ്ങള്‍ക്കും വില കൂടിയേക്കും.
ജിഎസ്ടി കൂടാതെ രണ്ട് വര്‍ഷത്തേക്ക് കൂടി പ്രളയസെസ് ചുമത്താനാണ് കേരളത്തിന് ജിഎസ്ടി കൗണ്‍സില്‍ അനുവാദം നല്‍കിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ 2021 മാര്‍ച്ച് 31 വരെ പുതിയ നികുതി നിരക്കുകള്‍ ബാധകമാണ്. അടുത്ത ഒരു വര്‍ഷത്തേക്ക് പ്രളയസെസ് പ്രഖ്യാപിക്കും എന്നാണ് പൊതുവില്‍ കരുതിയതെങ്കിലും രണ്ട് വര്‍ഷത്തേക്കാണ് പ്രളയസെസ് പ്രഖ്യാപിച്ചത്. വിവിധ നികുതികളുടെ ക്രമീകരണവും പ്രളയസെസും നടപ്പാക്കുന്നത് വഴി വില കൂടാന്‍ സാധ്യതയുള്ള ഉത്പന്നങ്ങള്‍ താഴെ പറയുന്നവയാണ്.

സ്വര്‍ണം
വെള്ളി
മൊബൈല്‍ ഫോണ്‍
കംപ്യൂട്ടര്‍
ഫ്രിഡ്ജ്
സിമന്റ്
ഗ്രാനൈറ്റ്
പെയിന്റ്
ടൂത്ത് പേസ്റ്റ്
പ്ലൈവുഡ്
മാര്‍ബിള്‍
ഇരുചക്രവാഹനങ്ങള്‍
സോപ്പ്
ചോക്ലേറ്റ്
ടിവി
എക്കണോമിക് ക്ലാസിലെ വിമാനയാത്ര
റെയില്‍വേ ചരക്കുഗതാഗതം
ഹോട്ടല്‍ താമസം
ഹോട്ടല്‍ ഭക്ഷണം
ഫ്‌ലാറ്റുകള്‍ വില്ലകള്‍

12,18,28 ശതമാനം നികുതിയുള്ള എല്ലാം ഉത്പന്നങ്ങള്‍ക്കും ഒരു ശതമാനം പ്രളയ സെസ് ആണ് ഏര്‍പ്പെടുത്തിയത്. ചെറുകിട ഉത്പന്നങ്ങള്‍ക്ക് സെസ് ഉണ്ടാവില്ല. എങ്കിലും ഭൂരിപക്ഷം ഉത്പന്നങ്ങള്‍ക്കും നികുതി ഈടാക്കിയ സാഹചര്യത്തില്‍ വിലക്കയറ്റം എന്ന സാഹചര്യമാണ് സാധാരണക്കാരനെ കാത്തിരിക്കുന്നത്. സ്വാഭാവികമായും എല്ലാ ഉത്പന്നങ്ങള്‍ക്കും ഈ നികുതി ഭാരമുണ്ടാവും.
ജിഎസ്ടി വന്നതോടെ സിനിമാ ടിക്കറ്റുകള്‍ക്ക് വില കുറഞ്ഞിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ ജിഎസ്ടി കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വിനോദനികുതി ഈടാക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവിടേയും അതേസംവിധാനം ധനമന്ത്രി പ്രഖ്യാപിച്ചത്. 18 ശതമാനം ജിഎസ്ടി കൂടാതെ ഇനി പത്ത് ശതമാനം വിനോദനികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരും.
വൈനിനും ബീറിനും രണ്ട് ശതമാനം നികുതിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുതായി വാങ്ങുന്ന വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ ഒരു ശതമാനം വര്‍ധന. ഇതുവഴി 200 കോടിയുടെ അധിക വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

pathram:
Leave a Comment