പറഞ്ഞതൊക്കെ ശരി.., പക്ഷേ പാര്‍ട്ടി ഓഫീസില്‍ കയറിയത് ശരിയായില്ല..!!

തിരുവനന്തപുരം: പാര്‍ട്ടി ഓഫിസില്‍ റെയ്ഡ് നടത്തിയതില്‍ വിവാദത്തിലായ എസ്പി ചൈത്ര തെരേസ ജോണ്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. നിങ്ങള്‍ പറഞ്ഞതെല്ലാം ശരി, പക്ഷേ പാര്‍ട്ടി ഓഫിസില്‍ കയറിയത് ഒട്ടും ശരിയായില്ല…!! തന്നെ വന്നു കണ്ട ചൈത്രയോട് ഇങ്ങനെയാണ് പറഞ്ഞത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയതു വിവാദമായതിനു പിന്നാലെയാണു സംഭവം വിശദീകരിക്കാന്‍ അവര്‍ മുഖ്യമന്ത്രിയെ കണ്ടത്. എസ്പി പറഞ്ഞതെല്ലാം കേട്ട ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തലശ്ശേരി എഎസ്പി ആയിരിക്കുമ്പോള്‍ മുതല്‍ അറിയാമെന്നും ചൈത്രയോടു മുഖ്യമന്ത്രി പറഞ്ഞു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണു നിയമസഭയില്‍ എസ്പിയുടെ നടപടിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് രാത്രി റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിനെതിരെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും നടപടി ശുപാര്‍ശ ചെയ്തില്ല. ചൈത്രയെ ന്യായീകരിച്ച് എഡിജിപി മനോജ് ഏബ്രഹാം നല്‍കിയ റിപ്പോര്‍ട്ട് അതേപടി ബെഹ്‌റ മുഖ്യമന്ത്രിക്കു കൈമാറിയതോടെ പന്ത് അദ്ദേഹത്തിന്റെ കോര്‍ട്ടിലായി.

എന്നാല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍ക്കായി നിയമപ്രകാരം പരിശോധന നടത്തിയ വനിതാ എസ്പിക്കെതിരെ നടപടിയെടുത്താല്‍ തിരിച്ചടിയാകുമെന്നാണു പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ അടക്കം ചില ഉന്നതര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചതെന്നാണു സൂചന. എസ്പി നടത്തിയ പരിശോധന ക്രമപ്രകാരമായിരുന്നതിനാല്‍ അന്വേഷണത്തിനു പഴുതില്ലെന്നും ഇവര്‍ വ്യക്തമാക്കി. അതിനാല്‍ ചൈത്രയ്‌ക്കെതിരെ നടപടി സാധ്യത കുറവാണെന്നാണ് സൂചന.

എഡിജിപി മനോജ് ഏബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്പി ചൈത്ര സ്വീകരിച്ച നടപടികള്‍ അക്കമിട്ടു നിരത്തുന്നു. കോടതിയില്‍ മുന്‍കൂട്ടി അറിയിച്ചത്, ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയത്, പ്രതികള്‍ പാര്‍ട്ടി ഓഫിസില്‍ ഉണ്ടെന്നു സ്ഥിരീകരിച്ചത് എല്ലാം ഇതിലുണ്ട്. റിപ്പോര്‍ട്ട് ശരിവച്ചു മുഖ്യമന്ത്രിക്കു കൈമാറുക മാത്രമായിരുന്നു ബെഹ്‌റയുടെ മുന്നിലെ വഴി.

എന്നാല്‍ സര്‍ക്കാരിന്റെ അപ്രീതി വേണ്ടെന്നു കരുതി അദ്ദേഹം അതു ശരിവയ്ക്കാതെ അതേപടി കൈമാറി. റിപ്പോര്‍ട്ടില്‍ വിയോജിപ്പ് അറിയിച്ചാല്‍ കാര്യകാരണങ്ങള്‍ വിശദീകരിക്കേണ്ടി വരും. സ്വന്തം ജോലി നിര്‍വഹിച്ച യുവ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ തെറ്റായ ശുപാര്‍ശ നല്‍കാനുമാകില്ല. ഇതും കണക്കിലെടുത്താണു ഡിജിപി മൗനം പാലിച്ചത്.

എങ്കിലും സിപിഎം ഭരണത്തിലിരിക്കെ പാര്‍ട്ടി ഓഫിസില്‍ രാത്രി പൊലീസ് കയറിയതു പൊറുക്കാനാകാത്ത തെറ്റായാണു മുഖ്യമന്ത്രിയും പാര്‍ട്ടിയും കാണുന്നത്. അതിനാല്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി പാര്‍ട്ടിയും കാക്കുന്നു. കഴിഞ്ഞ 24 ന് രാത്രിയാണു തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന വനിതാ സെല്‍ എസ്പി ചൈത്രയുടെ നേതൃത്വത്തില്‍ പൊലീസ് സിപിഎം ഓഫിസില്‍ കയറി പരിശോധിച്ചത്. സിപിഎം ചൈത്രയ്‌ക്കെതിരേ രംഗത്തുവന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൈത്രയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്.

pathram:
Leave a Comment