ശബരിമലയിലെ യുവതീ പ്രവേശന പട്ടിക വിവാദം: പുതിയ പട്ടിക തയ്യാറാക്കാനൊരുങ്ങി സര്‍ക്കാര്‍

ഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശന പട്ടികാ വിവാദമായ സാഹചര്യത്തില്‍ പുതിയ പട്ടിക തയ്യാറാക്കാനൊരുങ്ങി സര്‍ക്കാര്‍. നേരത്തെ കോടതിയില്‍ നല്‍കാന്‍ തയ്യാറാക്കിയ സ്ത്രീകളുടെ പട്ടികയാണ് സര്‍ക്കാര്‍ തിരുത്താനൊരുങ്ങുന്നത്. പട്ടികയില്‍ വ്യാപകമായ തെറ്റുകളും പൊരുത്തക്കേടുകളും കണ്ടെത്തിയത് വിവാദമായ സാഹചര്യത്തിലാണ് തിരുത്തി പുതിയ പട്ടിക തയ്യാറാക്കുന്നത്.
പ്രായവും ലിംഗവും സംബന്ധിച്ച് പട്ടികയില്‍ തെറ്റായ വിവരങ്ങളാണുള്ളതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തിരുത്തലുകള്‍ വരുത്തി പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പട്ടികയിലെ പ്രായവും തിരിച്ചറിയല്‍ രേഖകളിലെ പ്രായവും വ്യത്യസ്തമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം പുതിയ പട്ടിക തയ്യാറാക്കാനും കോടതി ആവശ്യപ്പെടുമ്പോള്‍ അത് സമര്‍പ്പിക്കാനുമാണ് തീരുമാനം.
പട്ടികയിലുണ്ടായത് സാങ്കേതികമായ തകരാറുകളാണെന്നാണ് തയ്യാറാക്കിയ പോലീസ് പറയുന്നത്. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കെടുത്താണ് പട്ടിക തയ്യാറാക്കിയത്. നവംബര്‍ 16 മുതല്‍ 16 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 8.2 ലക്ഷം പേര്‍ ദര്‍ശനം നടത്തി 7564 പേര്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ്. ഇതില്‍ 51 പേര്‍ തടസ്സങ്ങളൊന്നുമില്ലാതെ ദര്‍ശനം നടത്തിയെന്നാണ് സര്‍ക്കാര്‍ പട്ടികയില്‍ വ്യക്തമാക്കിയിരുന്നത്.
രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വയസ്സും ലിംഗവും രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. തീര്‍ഥാടകര്‍ നല്‍കിയ വിവരങ്ങള്‍ മാത്രമാണ് പ്രയവും ലിംഗവും സംബന്ധിച്ച് സര്‍ക്കാരിന്റെ കയ്യിലുള്ളത്. ഇതുപയോഗിച്ചുള്ള പട്ടികയാണ് പോലീസ് തയ്യാറാക്കിയത്. തിരിച്ചറിയല്‍ രേഖകളുമായി ഈ വിവരങ്ങള്‍ ഒത്തുനോക്കിയിരുന്നില്ല.

pathram:
Leave a Comment