വനിതാ മതില്‍ ലോക റെക്കാര്‍ഡിലേക്ക്..!!

കൊച്ചി: ജനുവരി ഒന്നിന് കേരളത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ലോക റെക്കോഡിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഫോറം തുടങ്ങി. ഇതിനുവേണ്ട രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിനായി ഫോറം ജൂറി അംഗങ്ങളെ നിയോഗിച്ചു. യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം ജൂറി ചെയര്‍മാന്‍ ഡോ. സുനില്‍ ജോസഫ് ആണ് നിയമനങ്ങള്‍ നടത്തിയത്.
10 ജില്ലകളില്‍ നിരീക്ഷകര്‍ പ്രവര്‍ത്തിക്കും. എല്ലായിടത്തും ഇവരെ സഹായിക്കാന്‍ 20 പേരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാകും. ഈ കമ്മിറ്റിക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുന്നതിന് സമിതിയുടെ സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടാകും.

വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എതിര്‍വശത്ത് പുരുഷന്‍മാരുടെ മതിലും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.. ശബരിമല സ്ത്രീ പ്രവേശന വിഷയം മാത്രമല്ല വനിതാ മതില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

‘സ്ത്രീകള്‍ക്കെതിരേയുള്ള കടന്നുകയറ്റത്തെ എതിര്‍ക്കേണ്ടത് സ്ത്രീകള്‍ തന്നെയാണ്. എന്നാല്‍ ശബരിമല സ്ത്രീപ്രവേശന വിഷയം മാത്രമല്ല വനിതാ മതില്‍ കൊണ്ടു ഉദ്ദേശിക്കുന്നത്. നവോത്ഥാന മുന്നേറ്റത്തില്‍ സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിച്ച അനേകം മുസ്ലിം സ്ത്രീകളും ക്രിസ്ത്യന്‍ സ്ത്രീകളുമുണ്ട്. അവര്‍ ഭാഗഭാക്കായ സംഘടനകളെയെല്ലാം വനിതാമതിലിന്റെ ഭാഗമാക്കണമെന്നത് ആലോചന ഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്നു. അവരില്‍ പലരും പിന്തുണ അറിയിച്ചിട്ടുമുണ്ട്’.
‘സ്ത്രീ എല്ലാ കാലഘട്ടത്തിലും ഒട്ടേറെ അടിച്ചമര്‍ത്തലുകള്‍ നേരിടുന്നുണ്ട്. സ്ത്രീ നേടിയെടുത്ത അവകാശങ്ങള്‍ പോലും തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. അതിനുള്ള പ്രതിരോധം തീര്‍ക്കലാണ് വനിതാമതില്‍. വനിതാമതിലിന്റെ എതിര്‍വശത്ത് പുരുഷന്‍മാരുടെ മതിലും കാണാം.

അതിനിടെ വനിതാ മതിലിനെതിരേ മലപ്പുറത്ത് മാവോയിസ്റ്റുകളുടെ പോസ്റ്ററുകള്‍. വഴിക്കടവിന് സമീപം നഞ്ചക്കോട്ടാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വനിതാ മതില്‍ വര്‍ഗീയ ചേരിതിരിവിന് ഇടയാക്കുമെന്ന് പറയുന്ന പോസ്റ്ററുകളില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വനിതാ മതിലിന് പണം ഉപയോഗിക്കുന്നതിനെതിരേയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
സി.പി.ഐ. മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല സമിതി എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

pathram:
Leave a Comment