തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ അന്വേഷണം വഴിമുട്ടി. സംഭവം നടന്ന് രണ്ട് മാസം ആകുമ്പോഴും അറസ്റ്റുണ്ടായിട്ടില്ല. അന്വേഷണത്തില്‍ നിര്‍ണായകവിവരങ്ങള്‍ പോലീസ് കേന്ദ്രങ്ങള്‍ തന്നെ കൈമാറിയിട്ടും അന്വേഷണസംഘം തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപം സേനയ്ക്കുള്ളില്‍ തന്നെ ഉണ്ട്.
ഒക്ടോബര്‍ 27നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സ്വാമിസന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിക്കപ്പെട്ടത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നു. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ സംഘപരിവാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും സൂചനകള്‍ വന്നു.
എന്നാല്‍, പ്രത്യേക സംഘത്തിന്റെ അന്വേഷണം രണ്ട് മാസമാകുമ്പോഴും രാഷ്ട്രീയഗൂഢാലോചന പുറത്തുവന്നില്ല. അക്രമികള്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികള്‍ അല്ലെന്ന വിമര്‍ശനത്തിന് അന്വേഷണത്തിലൂടെ മറുപടി നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ആശ്രമത്തിന് മുന്നില്‍ അക്രമികള്‍ വച്ചിരുന്ന റീത്ത് കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു. തലസ്ഥാനനഗരപരിധിയില്‍ നിന്നാണ് അക്രമികള്‍ റീത്ത് വാങ്ങിയതെന്ന് അന്വേഷണസംഘത്തില്‍ ഇല്ലാത്ത പോലീസ് കേന്ദ്രങ്ങള്‍ പ്രത്യേകസംഘത്തിന് നിര്‍ണായക വിവരം കൈമാറിയിട്ട് ഏറെ നാളായി. അന്വേഷണം തണുപ്പിക്കാന്‍ ശ്രമം നടക്കുന്നെന്ന ആക്ഷേപം ശക്തമായിരിക്കെ റീത്ത് വാങ്ങിയത് ആരാണ് എന്നതടക്കം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടക്കാത്തത് സംശയകരമാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ അന്വേഷണത്തില്‍ പോലീസ് രഹസ്യസ്വഭാവം സൂക്ഷിക്കുകയാണ്.
ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നടക്കം പലതവണ മൊഴിയുമെടുത്തിരുന്നു. വളരെ സങ്കീര്‍ണമായ കേസുകളില്‍ പോലും ദിവസങ്ങള്‍ക്കുള്ളില്‍ തുമ്പ് കണ്ടെത്താന്‍ കഴിവുള്ള സിറ്റി ഷാഡോ പോലീസും ഇക്കാര്യത്തില്‍ പരാജയപ്പെട്ട അവസ്ഥയിലാണ്. അക്രമത്തിനിരയായ സ്വാമി സന്ദീപാനന്ദഗിരി കേസില്‍ പരാതിപ്പെടാത്തത് മാത്രമാണ് സര്‍ക്കാരിനും പോലീസിനും ആശ്വാസം.
Leave a Comment