‘ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്’ ഒടിയനിലെ മോഹന്‍ലാല്‍ പാടിയ ഗാനം പുറത്തിറങ്ങി

ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലെറിക്കല്‍ വീഡിയോ ഗാനം പുറത്തു വിട്ടത്. മോഹന്‍ലാല്‍ തന്നെയാണ് ‘ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭ വര്‍മ്മയുടെ വരികള്‍ക്ക് കെ ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്. നാടന്‍ പാട്ട് ശൈലിയിലാണ് ഗാനം.
ഡിസംബര്‍ 14 ന് പുറത്തിറങ്ങാനിരിക്കുന്ന ഒടിയന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 43 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇരുട്ടിന്റെ രാജാവായുള്ള ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള തിരക്കിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരും. ഒടിയന്‍ സ്റ്റ്യാച്യുവും, ഒടിയന്‍ ആപ്പും,ടീ ഷര്‍ട്ടും അങ്ങനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിവിധ ഗെറ്റപ്പുകളില്‍ ഉള്ള മോഹന്‍ലാലിന്റെ സ്റ്റില്ലുകളും മറ്റും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.
ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ യന്തിരന്‍ 2.0യെയും ഷാരൂഖ് ഖാന്റെ സീറോയെയും മറി കടന്ന് ഒടിയന്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഒരു മലയാള ചിത്രം ഈ ലിസ്റ്റില്‍ ഇടം നേടുന്നത് ആദ്യമാണ്. ബോളിവുഡ് മുന്‍ താരങ്ങളായ രണ്‍വീര്‍ സിംഗിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മുന്നിലെത്തിയത്.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram:
Related Post
Leave a Comment