നടി ആക്രമിക്കപ്പെട്ട കേസ്: വീഡിയോ ദൃശ്യമല്ലേ, ഇതെങ്ങനെ തരാന്‍ ആണെന്ന് സുപ്രീംകോടതി; വല്ല പേപ്പറോ മറ്റോ ആണെങ്കില്‍ ഫോട്ടോ സ്റ്റാറ്റ് കോപ്പി തരാന്‍ പറയാമായിരുന്നു..

ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണച്ചപ്പോള്‍ കോടതി ദിലീപിന്റെ വക്കീലിനോട് ചില ചോദ്യങ്ങല്‍ ഉന്നയിച്ചു. ആ ചോദ്യങ്ങള്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. നിലവില്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി 11 ലേക്ക് മാറ്റിയിരിക്കുകയാണ്. മിനിറ്റിന് ലക്ഷങ്ങള്‍ വാങ്ങുന്ന മുകുള്‍ റോത്തഗിയാണ് ദിലീപിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. കേസ് ആദ്യം വിളിച്ചപ്പോള്‍ മുകുള്‍ റോത്തഗി ഹാജരായില്ല. പിന്നീട് അരമണിക്കൂറോളം കോടതി മുറിയില്‍ വെറുതെയിരിക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകനായി ബാലഗോപാല്‍ ബി നായര്‍ പറയുന്നു. വല്ല പേപ്പറോ മറ്റോ ആണെങ്കില്‍ ഫോട്ടോ സ്റ്റാറ്റ് കോപ്പി തരാന്‍ പറയാമായിരുന്നു. ഇതിപ്പോള്‍ വീഡിയോ ദൃശ്യമല്ലേ, ഇതെങ്ങനെ തരാന്‍ ആണെന്ന് സുപ്രീംകോടതി റോത്തഗിയോട് ചോദിച്ചതായി ബാലഗോപാല്‍ പറഞ്ഞു. അന്ന് കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ വിശദമാക്കിയിരിക്കുകയാണ് ഈ മാധ്യമപ്രവര്‍ത്തകന്‍.

ബാലഗോപാല്‍ ബി നായരുടെ കുറിപ്പ് ഇങ്ങനെ:

മിസ്റ്റര്‍ റോത്തഗി, വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കോ, അല്ലെങ്കില്‍ തോക്കിന്റെ പകര്‍പ്പോ തരണം എന്ന് ആവശ്യപ്പെടുന്നത് പോലെ ആണെല്ലോ ഈ ആവശ്യം’ : ജസ്റ്റിസ് ഹേമന്ത് ഗുപ്ത

‘ലോര്‍ഡ്ഷിപ്പ്, എനിക്ക് വേണ്ടത് മെമ്മറി കാര്‍ഡോ , അതിന്റെ പകര്‍പ്പോ അല്ല. അതിലെ ഉള്ളക്കടക്കം ആണ്’ ; ഇടത് കൈയ്യില്‍ സാന്‍ഡിസ്‌കിന്റെ 128 ജി ബി മെമ്മറി കാര്‍ഡ് ഉയര്‍ത്തി പിടിച്ച് മുകുള്‍ റോത്തഗിയുടെ മറുപടി.

നടിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നടന്നത്

…………………………

സിനിമയിലെ കോടതി രംഗം പോലെ തന്നെ ആയിരുന്നു നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നടന്ന വാദങ്ങളിലെ രംഗങ്ങള്‍.

കേസ് ആദ്യം വിളിച്ചപ്പോള്‍ ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ ഉണ്ടായിരുന്നില്ല. കേസ് പാസ് ഓവര്‍ ആയി. തൊട്ട് പിന്നാലെ റോത്തഗി കോടതി മുറിയില്‍ എത്തി. പിന്നീട് ഏതാണ്ട് അര മണിക്കൂറോളം കോടതി മുറിയില്‍ തന്നെ ഇരുന്നു. റോത്തഗിയെ പോലെ മിനിട്ടുകള്‍ക്ക് ഫീസ് ഈടാക്കുന്ന ഒരു അഭിഭാഷകന്‍ ഇങ്ങനെ കോടതി മുറിയില്‍ വെറുതെ മറ്റ് കേസുകളുടെ നടപടികള്‍ കേട്ട് സമയം കളയുന്നത് വിരളമായ കാഴ്ച.

എന്റെ കക്ഷി പ്രശസ്തനായ ഒരു ചലച്ചിത്ര താരം എന്ന ആമുഖത്തോടെ ആണ് റോത്തഗി വാദം ആരംഭിച്ചത്. ആദ്യ വരികള്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ റോത്തഗിക്ക് സാധിക്കുന്നതിന് മുമ്പ് തന്നെ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വക ചോദ്യം. ‘ഈ പകര്‍പ്പ് എങ്ങനെ തരും ? വല്ല പേപ്പറോ മറ്റോ ആണെങ്കില്‍ ഫോട്ടോ സ്റ്റാറ്റ് കോപ്പി തരാന്‍ പറയാമായിരുന്നു. ഇ മെയില്‍ ആയിരുന്നു എങ്കില്‍ പ്രിന്റ് എടുക്കാം ആയിരുന്നു. ഇത് വീഡിയോ ദൃശ്യം അല്ലേ. അതിന്റെ ഫോട്ടോ കോപ്പി ഒന്നും എടുത്തിട്ട് കാര്യമില്ലല്ലോ.’ ജസ്റ്റിസ് ഖാന്‍വില്‍ക്കറിന് ഒപ്പം ഉണ്ടായിരുന്ന ജസ്റ്റിസ് ഹേമന്ത് ഗുപ്തയും ഈ നിലപടിനോട് യോജിച്ച് തല ആട്ടി.

ഖാന്‍വില്‍ക്കറിന്റെ ചോദ്യം റോത്തഗി പ്രതീക്ഷിച്ചിരുന്നു എന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ ഇടത് കൈ ഇടത് ഭാഗത്തേക്ക് നീങ്ങി. ഇടത് ഭാഗത്ത് ഉണ്ടായിരുന്ന രഞ്ജീത റോത്തഗി ഒരു പുതിയ മെമ്മറി കാര്‍ഡ് റോത്തഗിയുടെ കൈയില്‍ വച്ചു. ഒരു മജീഷ്യന്റെ വേഗതയോടെ റോത്തഗി സാന്‍ഡിസ്‌ക്കിന്റെ ആ മെമ്മറി കാര്‍ഡ് ഉയര്‍ത്തി. എന്നിട്ട് കോടതിയില്‍ വിശദീകരിച്ചു എന്താണ് മെമ്മറി കാര്‍ഡും, എക്‌സ്‌റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്‌കും തമ്മില്‍ ഉള്ള വ്യത്യാസം എന്ന്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡിലെ ദൃശ്യം തന്റെ കക്ഷി ഇത് പോലെ ഒരു മെമ്മറി കാര്‍ഡില്‍ ക്‌ളോണ്‍ ചെയ്ത് നല്‍കിയാല്‍ മതി എന്നാണ് റോത്തഗിയുടെ വാദം.

ഹൈകോടതിയുടെ കണ്ടെത്തല്‍ ശരി അല്ലേ ? അക്രമിക്കപെട്ട നടിയുടെ സ്വകാര്യതയും വിഷയം അല്ലേ ? ജസ്റ്റിസ് ഖാന്‍വില്‍ക്കറിന്റെ ഈ ചോദ്യത്തോട് റോത്തഗിയുടെ മറുപടി ഇങ്ങനെ.

ദിലീപിനും നീതിപൂര്‍ണ്ണമായ വിചാരണയ്ക്ക് അവകാശം ഉണ്ട്. പ്രതിക്ക് കോടതിയില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ കേസിന്റെ തെളിവുകള്‍ അനിവാര്യം ആണ്. സിആര്‍പിസി യുടെ 207 പ്രകാരം ആ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാന്‍ ആകുമോ എന്നാണ് കോടതി പരിശോധിക്കേണ്ടതെന്ന്.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് പ്രോസിക്യുഷന്‍ കേസ്. പീഡനം നടക്കുമ്പോള്‍ ട്രാഫിക്ക് ഇല്ലായിരുന്നു എന്നും. എന്നാല്‍ ദിലീപിന്റെ അഭിഭാഷകരെ പ്രോസിക്യുഷന്‍ കാണിച്ചിരിക്കുന്നത് നിറുത്തി ഇട്ടിരിക്കുന്ന വാഹനത്തില്‍ വച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആണ്. ആ ദൃശ്യങ്ങളില്‍ ആകട്ടെ ചിലരുടെ ശബ്ദവും കേള്‍ക്കുന്നുണ്ട്. എഡിറ്റിങ് ഇല്ലാത്ത ഒറ്റ ദൃശ്യം അല്ല കാണിക്കുന്നത്. പല പല ദൃശങ്ങള്‍ കൂട്ടി ചേര്‍ത്ത് ഉണ്ടാക്കിയ ഒരു ദൃശ്യം ആണ് കാണിക്കുന്നത്. ഈ കേസിന്റെ നിര്‍ണ്ണായക തെളിവ് ആണ് ഈ ദൃശ്യങ്ങള്‍. ആ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ പ്രോസിക്യുഷന്‍ കേസ് വ്യാജം ആണെന്ന് തെളിയിക്കാം. അത് കൊണ്ട് ഇത് ഒരു മെമ്മറി കാര്‍ഡില്‍ ക്‌ളോണ്‍ ചെയ്ത് എന്റെ കക്ഷിക്ക് നല്‍കണം.

‘മിസ്റ്റര്‍ റോത്തഗി, വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കോ, അല്ലെങ്കില്‍ തോക്കിന്റെ പകര്‍പ്പോ തരണം എന്ന് ആവശ്യപ്പെടുന്നത് പോലെ ആണെല്ലോ ഈ ആവശ്യം. മെമ്മറി കാര്‍ഡ് രേഖയല്ലെന്നും നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേ’ : ജസ്റ്റിസ് ഹേമന്ത് ഗുപ്ത

‘ ലോര്‍ഡ്ഷിപ്പ്, എനിക്ക് വേണ്ടത് മെമ്മറി ഡിസ്‌ക്കോ, അതിന്റെ പകര്‍പ്പോ അല്ല. അതിലെ ഉള്ളക്കടക്കം ആണ്’ ഇടത് കൈയ്യില്‍ സാന്‍ഡിസ്‌കിന്റെ 128 ജി ബി മെമ്മറി കാര്‍ഡ് ഉയര്‍ത്തി പിടിച്ചായിരുന്നു മുകുള്‍ റോത്തഗിയുടെ മറുപടി.

‘മഞ്ജു വാരിയരുടെ പേര് പറയാതെ പറഞ്ഞ് റോത്തഗി’.

എന്റെ കക്ഷിയുടെ മുന്‍ ഭാര്യയോട് പീഡിപ്പിക്ക പെട്ട പെണ്‍കുട്ടി എന്നെ കുറിച്ച് ചിലത് പറഞ്ഞതില്‍ ഉള്ള വൈരാഗ്യം ആണ് ഈ പീഡനത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്. എന്റെ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായ പ്രശനങ്ങള്‍ ആണ് പീഡനത്തിന് കാരണം എന്നും പ്രോസിക്യുഷന്‍ പറയുന്നു. പീഡിപ്പിച്ചത് ഞാന്‍ അല്ല. അങ്ങനെ ഒരു വാദം പൊലീസിന് പോലും ഇല്ല. എന്റെ കക്ഷിയുടെ നിരപരാധിത്വം തെളിയിക്കണം. അതിന് എനിക്ക് ഈ നിര്‍ണ്ണായകം ആയ തെളിവ് ആവശ്യമാണ്.

മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് സര്‍ക്കാര്‍.

മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ രാവലിനെ ആണ് സംസ്ഥാന സര്‍ക്കാര്‍ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ക്കാന്‍ രംഗത്ത് ഇറക്കിയത്. പോലീസ് റിപ്പോര്‍ട്ടില്‍ രേഖയായി മെമ്മറി കാര്‍ഡ് ചേര്‍ത്തിട്ടില്ല. അതിനാല്‍ അത് രേഖയെന്ന് പരിഗണിച്ചു ഐപിസി പ്രകാരം നല്‍കാന്‍ ആകില്ല എന്നും ഹരേന്‍ റാവല്‍ വാദിച്ചു.

വെള്ളിയാഴ്ചത്തേക്ക് ആയിരുന്നു ദിലീപിന്റെ ഹര്‍ജി പരിഗണിക്കാന്‍ ആദ്യം മാറ്റി വച്ചത്. എന്നാല്‍ ഹരേന്‍ റാവലിന്റെ അസൗകര്യം കണക്കില്‍ എടുത്ത് ഡിസംബര്‍ 11 ലേക്ക് ഹര്‍ജി പരിഗണിക്കാന്‍ മാറ്റി വയ്ക്കുക ആണ് ഉണ്ടായത്. അന്ന് ഐടി ആക്റ്റ് അടക്കമുള്ള നിയമങ്ങള്‍ പ്രകാരം മെമ്മറി കാര്‍ഡ് ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് കാര്യത്തില്‍ കോടതിയില്‍ വിശദമായ വാദം നടക്കും.

************************

കോടതി നടപടികള്‍ വീക്ഷിക്കാന്‍ ദിലീപ് സുപ്രീം കോടതിയില്‍ എത്തിയിരുന്നില്ല. കോടതിയില്‍ ഉണ്ടായിരുന്ന പലര്‍ക്കും അപരിചിതന്‍ ആയ ഒരു മലയാളി ആരുടെയും ശ്രദ്ധയില്‍ പെടാതെ കോടതി മുറിക്ക് ഉള്ളില്‍ ഉണ്ടായിരുന്നു. അദ്ദേഹം ദിലീപിന്റെ ഒരു ബന്ധു ആണെന്ന് പിന്നീട് ചില അഭിഭാഷകര്‍ പറയുന്നത് കേട്ടു. എറണാകുളം ആലുവ ബെല്‍റ്റില്‍ ഉള്ള ചില സുപ്രീം കോടതി അഭിഭാഷകരും കേസിന്റെ നടപടികള്‍ കാണാന്‍ ഞങ്ങള്‍ക്ക് ഒപ്പം വിസിറ്റേഴ്‌സ് ഗാലറിക്ക് സമീപത്ത് ഉണ്ടായിരുന്നു

pathram:
Related Post
Leave a Comment