ഗജ ചുഴലിക്കാറ്റ്: എറണാകുളത്ത് 201 വീടുകള്‍ തകര്‍ന്നു; ആലപ്പുഴയില്‍ നഷ്ടപ്പെട്ടത് 167 വീടുകള്‍

കൊച്ചി: ഗജ ചുഴലിക്കാറ്റ് എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വന്‍നാശം വിതച്ചു. എറണാകുളം ജില്ലയില്‍ ആകെ തകര്‍ന്നത് 201 വീടുകള്‍ ആണെന്നാണ് കണക്കുകള്‍.. ഇതില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 199 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഈയിനത്തില്‍ 38 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.

എറണാകുളം ജില്ലയില്‍ ഓരോ താലൂക്കിലും ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണവും അതിലെ നഷ്ടവും ചുവടെ. കണയന്നൂര്‍ -– 46 (10 ലക്ഷം), കുന്നത്തുനാട് -– 70 (15 ലക്ഷം), കൊച്ചി -5 (4 ലക്ഷം), കോതമംഗലം-– 15 (2 ലക്ഷം), മൂവാറ്റുപുഴ –- 63 (6 ലക്ഷം), കുന്നത്തുനാട് താലൂക്കിലെ ഐരാപുരം, കിഴക്കമ്പലം വില്ലേജുകളില്‍ ഓരോ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

അതേസമയം ആലപ്പുഴയുടെ വടക്കന്‍ മേഖലയെയാണ് ഗജ വിറപ്പിച്ചത്. ചേര്‍ത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി, പാണാവള്ളി, പട്ടണക്കാട്, വയലാര്‍, എഴുപുന്ന, മാരാരിക്കുളം വില്ലേജുകളില്‍ ഗജ താണ്ഡവമാടി.
156 വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കോടികളുടെ നഷ്ടമുണ്ടായി. ഒട്ടേറെ വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നു. വീടുകളിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തൈക്കാട്ടുശ്ശേരി വില്ലേജിലെ പൂച്ചാക്കല്‍ തേവര്‍വട്ടം ഭാഗങ്ങളിലാണ് കൂടുതല്‍ നാശം. ഇവിടെ മാത്രം 144 വീടുകള്‍ തകര്‍ന്നു. കാര്‍ഷികമേഖലയില്‍ കനത്തനാശമുണ്ടായി. മരങ്ങള്‍വീണ് 200 പോസ്റ്റുകള്‍ ഒടിഞ്ഞു. അരക്കോടി രൂപയുടെ നഷ്ടം വൈദ്യുതി വകുപ്പിന് മാത്രമുണ്ടായി.

വെള്ളിയാഴ്ച വൈകീട്ട് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ഇരുട്ടിലായ പല പ്രദേശങ്ങളിലും ശനിയാഴ്ച വൈകീട്ടും വെളിച്ചമെത്തിയിട്ടില്ല. സ്‌കൂള്‍ കെട്ടിടങ്ങള്‍, മതിലുകള്‍, പള്ളികള്‍ എന്നിവയ്ക്കു കേടുപാടുണ്ടായി. ചേര്‍ത്തലഅരൂക്കുറ്റി റൂട്ടില്‍ മരം വീണ് മുടങ്ങിയ ഗതാഗതം പുനഃസ്ഥാപിച്ചു. ഇടറോഡുകളില്‍ ഇതുവരെ തടസ്സം നീക്കിയിട്ടില്ല. ഗജ ന്യൂനമര്‍ദ്ദമായി രൂപപ്പെട്ട് കേരളതീരത്ത് തന്നെയുണ്ട്. അതിനാല്‍ ആലപ്പുഴയുടെ തീരമേഖലയിലുള്ളവര്‍ ഇപ്പോഴും ആശങ്കയിലാണ്. ഈ മാസം 20 വരെ കടലില്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

pathram:
Leave a Comment