ശബരിമല ഡ്യൂട്ടിയുള്ള പൊലീസുകാര്‍ക്ക് ഡ്രസ്സ് കോഡ്

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയുള്ള പൊലീസുകാര്‍ക്ക് ഡ്രസ്സ് കോഡ് നിര്‍ബന്ധമാക്കാന്‍ പൊലീസ് . അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം. തൊപ്പിയും ബെല്‍റ്റും ഷര്‍ട്ടും ഇന്‍സേര്‍ട്ടും നിര്‍ബന്ധമാക്കണമെന്നാണ് നിര്‍ദ്ദേശം വന്നത്. സോപാനത്ത് ഒഴികെ മുഴുവന്‍ സമയത്തും ഡ്യൂട്ടിയിലുള്ളവര്‍ യൂണിഫോം ധരിക്കണം. എല്ലാവരുടെയും കൈയ്യില്‍ ലാത്തിയും സുരക്ഷ സംവിധാനങ്ങളും കരുതണമെന്നും യോഗത്തില്‍ പറഞ്ഞു.
രാത്രി നട അടച്ചാല്‍ ആരെയും സന്നിധാനത്ത് നിര്‍ത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ഉന്നത ഉദ്യോഗസരെ ഡ്യൂട്ടിയ്ക്ക് ഇടയിലാണെങ്കിലും സല്യൂട്ട് ചെയ്യണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നേരത്തെ മണ്ഡലകാല തീര്‍ത്ഥാടന സമയത്ത് സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനമുണ്ടായിരുന്നു.
ചില സംഘടനകള്‍ സന്നിധാനത്ത് നുഴഞ്ഞു കയറി മനപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് പോലീസ് സുരക്ഷ കര്‍ശനമാക്കിയത്. അതില്‍ ഏറ്റവും പ്രധാനം രാത്രി നട അടച്ച ശേഷം ആരെയും സാന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല എന്ന നിര്‍ദേശം ആണ്. പ്രതിഷേധക്കാര്‍ മലയില്‍ താമസിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി ആണ് ഈ തീരുമാനം.
നിരോധനാജ്ഞ നിലനില്‍ക്കുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പോലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കും. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമെ കടത്തി വിടു. പമ്പയില്‍ ഒരു സ്വകാര്യ വാഹനവും അനുവദിക്കില്ലെന്ന കര്‍ശന നിലപാടും പോലീസിനുണ്ട്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി അയ്യപ്പന്മാരെ നിലക്കലില്‍ നിന്നും സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിന് കെ എസ് ആര്‍ ടി സിക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്

pathram:
Related Post
Leave a Comment