സ്ത്രീ പ്രവേശനം നടപ്പാക്കാന്‍ സാവകാശം വേണമെന്ന് കോടതിയോട് ആവശ്യപ്പെടും

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം തേടി കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഹര്‍ജിനല്‍കുന്നതിന് തത്വത്തില്‍ അംഗീകാരമായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതിയില്‍നിന്നുള്ള ചില രേഖകള്‍ ലഭിക്കാനുണ്ട്. അത് ലഭിച്ചുകഴിഞ്ഞാല്‍ നാളെ രാവിലെ യോഗം ചേര്‍ന്ന് ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഹര്‍ജി കൊടുക്കുന്ന കാര്യത്തിന് തത്വത്തില്‍ അംഗീകാരമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കും. ശബരിമലയെ കലാപത്തിന്റെ കേന്ദ്രമാക്കാന്‍ ആരും ശ്രമിക്കരുത്. കഴിഞ്ഞ തവണ നട തുറന്നപ്പോള്‍ ഉണ്ടായതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകരുത്. വിശ്വാസികളെയും അല്ലാത്തവരെയും വേര്‍തിരിച്ചറിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. മണ്ഡലകാലത്ത് പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമം ആരുടെയും ഭാഗത്തുനിന്നുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment