പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാ ഗ്രൂപ്പിനു മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാ ഗ്രൂപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നാളെ ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരും. മണ്ഡലകാലത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കേ പമ്പാ തീരത്തിന്റെയും നിലയ്ക്കലിന്റെ സ്ഥിതി പരിതാപകരം. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ല. പ്രളയത്തിന്റെ ബാക്കിയായ മണല്‍വാരി ചാക്കിലാക്കി അരികുകളില്‍ അടുക്കിയതൊഴിച്ചാല്‍ മറ്റു ജോലികളൊന്നും പമ്പയില്‍ മുന്നോട്ടു പോയിട്ടില്ല. വിരിവയ്ക്കാന്‍ പോയിട്ട് ഇരിക്കാന്‍ പോലും പമ്പാ തീരത്ത് സൗകര്യമില്ല. മണ്ഡലകാലത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ പമ്പയുടെ അതീവ ഗുരുതരാവസ്ഥ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തിരിച്ചറിയുന്നില്ല. പമ്പയിലെത്തുന്ന തീര്‍ഥാടകര്‍ക്കു പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യങ്ങളൊന്നുമില്ല. പമ്പയില്‍ എത്തുന്ന ഭക്തര്‍ക്കു ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള സൗകര്യംപോലും ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ല. ലക്ഷക്കണക്കിനു ഭക്തര്‍ക്ക് ആശ്രയമായിരുന്ന അന്നദാന മണ്ഡപം മഹാപ്രളയത്തിന്റെ ശേഷിപ്പു മാത്രമാണ്.
ഇനി ഈ മണ്ഡലകാലം മുതല്‍ ശബരിമലയുടെ ബേസ് ക്യാംപാകുന്ന നിലയ്ക്കലിലെ സ്ഥിതിയും ഇതുതന്നെയാണ്. പ്രതിദിനം ഒരു ലക്ഷം പേരെങ്കിലുമെത്തുന്ന ഇവിടെ ഇപ്പോഴുള്ളതു 2000 പേര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ മാത്രം. 15,000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യമേ ഇതുവരെ തയാറായിട്ടുള്ളു. ക്ഷേത്രത്തിനു മുന്നിലെ അന്നദാന മണ്ഡപമാണ് ഇപ്പോഴുള്ള ഏക വിശ്രമസ്ഥലം. 1200 പേര്‍ക്കു വിശ്രമിക്കാവുന്ന മൂന്നു കേന്ദ്രങ്ങള്‍ നിര്‍മാണ ഘട്ടത്തിലാണ്. അപ്പോഴും ഒരേസമയം 6000 പേര്‍ക്കുള്ള സൗകര്യം മാത്രം. ശുചിമുറികള്‍ 470 എണ്ണം. 500 താല്‍ക്കാലിക ശുചിമുറികള്‍ കൂടി സ്ഥാപിക്കും. ഒരു ലക്ഷം പേരോളം എത്തുമ്പോള്‍ 970 ശുചിമുറികളില്‍ ഒതുങ്ങണമെന്നു ചുരുക്കം. പമ്പയിലേക്കു മിനിറ്റില്‍ നാലു വീതം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്താനാണു പദ്ധതി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment