റഫാല്‍ ഇടപാട്: വിമാനങ്ങളുടെ വിലയും തന്ത്രപ്രധാനവിവരങ്ങളും മുദ്രവ!ച്ച കവറില്‍ സമര്‍പ്പിയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം

ഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും തന്ത്രപ്രധാനവിവരങ്ങളും മുദ്രവ!ച്ച കവറില്‍ സമര്‍പ്പിയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം. പത്ത് ദിവസത്തിനകം രേഖകള്‍ സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗബഞ്ചിന്റെ നിര്‍ദേശം. കേസ് ഇനി നവംബര്‍ 14 ന് വീണ്ടും പരിഗണിക്കും.
‘വിമാനങ്ങളുടെ വില, ആ വില നിശ്ചയിക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയുള്‍പ്പടെയുള്ള വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം’ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. റഫാല്‍ ഇടപാടില്‍ ഇന്ത്യയിലുള്ള പങ്കാളികളുടെ വിവരങ്ങളും കോടതിയെ അറിയിക്കണം. ഇടപാടിന്റെ നടപടിക്രമങ്ങളും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണം. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്റ്റ് അനുസരിച്ച് വെളിപ്പെടുത്താനാകാത്ത രേഖകളാണ് ഇത്തരത്തില്‍ മുദ്ര വച്ച കവറില്‍ കോടതിയില്‍ നല്‍കേണ്ടത്. പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താന്‍ കഴിയുന്ന മറ്റ് വിവരങ്ങളെല്ലാം ഹര്‍ജിക്കാര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
എന്നാല്‍ ഇതിനെ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഔദ്യോഗികരേഖകളുടെ വിശദാംശങ്ങള്‍ നല്‍കാനാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചു. പാര്‍ലമെന്റിനെപ്പോലും ഈ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ലെന്നും എജി കോടതിയില്‍ പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ അഡ്വ.പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ അക്കാര്യം ഇപ്പോള്‍ പരിഗണിയ്ക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ‘കാത്തിരിയ്ക്കൂ, ആദ്യം സിബിഐയ്ക്കുള്ളിലെ പ്രശ്‌നങ്ങളൊക്ക ഒന്ന് ഒത്തുതീരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മറുപടി.
ഈ മാസം 10 ന് കേസ് പരിഗണിച്ചപ്പോള്‍ റഫാല്‍ വിമാനങ്ങളുടെ വില വിവരപ്പട്ടിക നല്‍കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാല്‍ ഇന്ന് വില വിവരങ്ങളടങ്ങിയ വിശദാംശങ്ങളുള്‍പ്പടെ തന്ത്രപ്രധാനവിവരങ്ങളെല്ലാം നല്‍കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസിലെ ഹര്‍ജികള്‍ തളളാനൊരുക്കമല്ല സുപ്രീംകോടതി എന്ന് തന്നെയാണ് ഈ നിര്‍ദേശങ്ങളിലൂടെ വ്യക്തമാകുന്നത്. വിശദമായ കോടതി ഇടപെടല്‍ റഫാല്‍ കേസിലുണ്ടാകും എന്ന് വ്യക്തം. ലോക്‌സഭാതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ തന്ത്രപ്രധാനമായ ഒരു കേസില്‍ കോടതിയുടെ നിരീക്ഷണവും ഇടപെടലുമുണ്ടാകുന്നത് ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.

pathram:
Related Post
Leave a Comment