രഹ്ന ഫാത്തിമയെ സ്ഥലം മാറ്റി; അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബിഎസ്എന്‍എല്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തി വിവാദത്തിലകപ്പെട്ട ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയ്‌ക്കെതിരെ നടപടി തുടങ്ങി. പ്രാഥമിക നടപടിയെന്ന നിലയില്‍ രഹ്നഫാത്തിമയെ സ്ഥലംമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബിഎസ്എന്‍ എല്ലിന്റെ തീരുമാനം. ബിഎസ്എന്‍എല്‍ കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. ടെലഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്.

രഹ്നയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ രഹ്നയ്‌ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയില്‍ വരും. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും രഹ്നയ്‌ക്കെതിരായ തുടര്‍നടപടികള്‍. ശബരിമല വിഷയത്തില്‍ വിവാദമായ രഹ്നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ബിഎസ്എന്‍എല്‍ സംസ്ഥാന പോലീസിലെ സൈബര്‍ സെല്ലിന് കത്തുനല്‍കിയിട്ടുമുണ്ട്.

അതേസമയം ശബരിമല ദര്‍ശനത്തിന് താത്പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് മറ്റൊരു യുവതി ഇന്ന് പോലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിയായ ബിന്ദു എന്ന യുവതിയാണ് എരുമേലി പോലീസിന് സമീപിച്ചത്. എന്നാല്‍ സുരക്ഷ നല്‍കാനാവില്ലെന്ന് എരുമേലി പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് യുവതി പമ്പയിലേക്ക് പോയി. പമ്പയില്‍ ക്യാമ്പ് ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരെ കാണുകയാണ് ലക്ഷ്യം. യുവതിയോടൊപ്പം രണ്ട് യുവാക്കളുമുണ്ട്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. അതിനു മുന്‍പ് സന്നിധാനത്ത് എത്തുകയാണ് യുവതിയുടെ ലക്ഷ്യം.

pathram:
Leave a Comment