പ്രസിഡന്റിന്റെ ഈ നിലപാട് ശരിയാണോ? ഞങ്ങള്‍ പറഞ്ഞത് മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരെ അല്ല പദ്മപ്രിയ

താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചവര്‍ അംഗത്വത്തിന് ആദ്യം മുതലെ അപേക്ഷ തരണമെന്ന് പ്രസിഡന്റ് മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമണ്‍ ഇന്‍ കളക്റ്റീവ് അംഗമായ നടി പദ്മപ്രിയ. പ്രസിഡന്റ് എപ്പോഴും പറയുന്നത് താന്‍ ഇരയോടൊപ്പമാണെന്നാണ്. അങ്ങനെയുളള ഒരാള്‍ ഈ നിലപാട് എടുക്കുന്നത് ശരിയാണോ. ഞങ്ങള്‍ സംഘടനയില്‍ നിന്ന് വിട്ടുപോയത് അവര്‍ കാരണമാണ്.
എന്നിട്ടും ഇനിയും ഞങ്ങള്‍ അപേക്ഷ തരട്ടെ, അപ്പോള്‍ ഇത് പരിഗണിക്കുമെന്നൊക്കെ പറയുന്നത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പദ്മപ്രിയ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പദ്മപ്രിയ ഇക്കാര്യം വ്യക്തമാക്കുന്നത്. ജനറല്‍ ബോഡി ചര്‍ച്ച ചെയ്താണോ എല്ലാ അംഗത്വ അപേക്ഷകളും പരിഗണിക്കുന്നതെന്നും അവര്‍ ചോദിച്ചു.
തങ്ങള്‍ നിലപാടുകള്‍ പറഞ്ഞത് മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരെ ആയിരുന്നില്ല. സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിലാണ് അദ്ദേഹത്തിന് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. അത് മനസിലാക്കാതെ മോഹന്‍ലാലിനെതിരെയുളള ആക്രമണമെന്നൊക്കെ ചിലര്‍ വെറുതെ പ്രചരിപ്പിക്കുന്നതാണ്.
അമ്മയില്‍ വനിതാ സമിതി രൂപവത്കരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ അങ്ങനെയൊന്ന് രൂപവത്കരിച്ചിട്ടുണ്ടോ എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും പദ്മപ്രിയ പറഞ്ഞു. സംഘടനയ്ക്കുളളില്‍ തന്നെയുളള ചിലരെ ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന സമിതിക്ക് തീര്‍ത്തും നിഷ്പക്ഷമായി പ്രവര്‍ത്തിച്ച് പ്രശ്നപരിഹാരത്തിന് സാധിക്കുമോ എന്നതില്‍ സംശയമുണ്ട്. പ്രശ്നപരിഹാരമുണ്ടായാല്‍ ഏറെ സന്തോഷമെന്നും പദ്മപ്രിയ പറഞ്ഞു.

pathram:
Leave a Comment