ശബരിമലയില്‍ കനത്ത മഴ; മഞ്ജു മലകയറില്ല; ഇന്ന് സുരക്ഷയൊരുക്കാന്‍ സാധ്യമല്ലെന്ന് പൊലീസ്; യുവതി ശ്രമം ഉപേക്ഷിച്ചു; മഞ്ജു 12 ഓളം ക്രിമിനല്‍ കേസിലെ പ്രതി

ശബരിമലയിലേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ച് കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശി മഞ്ജു മടങ്ങി. ശബരിമല ദര്‍ശനത്തിനായി പമ്പയില്‍ എത്തിയ മഞ്ജുവിന് ഇന്ന് പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഏറെ നേരം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കാനാകില്ല എന്ന് പൊലീസ് അറിയിച്ചത്. പ്രതികൂല കാലാവസ്ഥയാണ് പൊലീസ് കാരണമായി പറഞ്ഞത്. ശക്തമായ മഴയും വഴിയില്‍ വഴുക്കലുമുള്ളതുകൊണ്ട് ഇപ്പോള്‍ വലിയ സുരക്ഷാ സംഘത്തോടൊപ്പമുള്ള യാത്ര പ്രായോഗികമല്ലെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു.

എന്നാല്‍ നാളെ രാവിലെ മഞ്ജുവിന് സുരക്ഷ ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് മഞ്ജുവിന് ഉറപ്പുനല്‍കിയിരുന്നു. അതോടൊപ്പം മഞ്ജുവിന്റെ പൊതുജീവിതത്തിന്റെ പശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും ഐജി അറിയിച്ചിരുന്നു. എന്നാല്‍ മല കയറാനുളള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ തന്നെ മടങ്ങുകയായിരുന്നു.

ഉച്ചയോടെയാണ് ശബരിമല ചവിട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് സുരക്ഷ തേടി മുപ്പത്തിയെട്ടുകാരിയായ മഞ്ജു പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്. വലിയ ഭക്തജനത്തിരക്കുള്ള സാഹചര്യത്തില്‍ സുരക്ഷാകാര്യങ്ങള്‍ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മഞ്ജു ആദ്യം പിന്‍മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റ സഹായത്തോടെ അവരുടെ പൊതുപ്രവര്‍ത്തന പശ്ചാത്തലം പരിശോധിച്ചു. ദീര്‍ഘകാലമായി ദളിത് സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായ മഞ്ജുവിന്റെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പൊലീസ് മനസിലാക്കിയിരുന്നു. തല്‍ക്കാലം പ്രത്യേക സുരക്ഷ ഒരുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്താന്‍ ഇതും കാരണമായി. സമരങ്ങളില്‍ പങ്കെടുത്തതിന്റെ ഭാഗമായി വന്നവയാണ് ഈ കേസുകള്‍. കേസുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് അറിഞ്ഞതിന് ശേഷമേ മഞ്ജുവിന് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനം എടുക്കൂ എന്നും അറിയിച്ചിരുന്നു.

കൂടാതെ വലിയ നടപ്പന്തലിന് സമീപം യുവതിയെ തടയാന്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാനനപാത തുടങ്ങുന്ന ഭാഗത്തുതന്നെ പ്രതിഷേധക്കാര്‍ സംഘടിച്ചു. ഈ സാഹചര്യത്തില്‍ മഞ്ജുവിന് സുരക്ഷയൊരുക്കിയുള്ള മലകയറ്റം സാധ്യമല്ല എന്ന നിലപാടാണ് പൊലീസ് എടുത്തത്. പ്രതിഷേധിക്കാന്‍ എത്തുന്ന ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ ഒരുക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്.

അതിനിടെ, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണം പതിന്‍മടങ്ങായിരുന്നു. ദര്‍ശനത്തിനായി സന്നിധാനത്ത് വലിയ ഭക്തജനത്തിരക്കുമുണ്ട്. കാനനപാതയിലും സന്നിധാനത്തും പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്കൊപ്പം പ്രതിഷേധക്കാരും മലകയറിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ വേഷത്തില്‍ കാനനപാതയുടെ പലഭാഗത്തും ഇന്നലെ രാത്രി മലകയറിയ പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് വിവരം. പമ്പയിലും സന്നിധാനത്തും ശക്തമായ മഴയും പെയ്യുന്നുണ്ട്.

pathram:
Related Post
Leave a Comment