ആരാണ് കവിതയും രഹ്നയും..? കവിത തിരിച്ചുപോകാമെന്നു പറഞ്ഞിട്ടും രഹന ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു

സന്നിധാനം: ശബരിമലയിലെത്തിയ യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കാതെ നടപ്പന്തലില്‍ നിന്ന് തിരിച്ചു പോയി. യുവതികള്‍ക്കെതിരെ നടപ്പന്തലില്‍ ഭക്തരും പരികര്‍മികളും പ്രതിഷേധിച്ചിരുന്നു. പോലീസിന്റെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇവരെ തിരികെ കൊണ്ടുപോകുന്നത്.

മലയാളിയുവതി രഹ്ന ഫാത്തിമയും ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയുമാണ് വെള്ളിയാഴ്ച രാവിലെ സന്നിധാനത്ത് പ്രവേശിക്കാനായി എത്തിയത്. ആന്ധ്രാ സ്വദേശിനിയായ കവിത മോജോ ടി വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറാണ്. ജോലി സംബന്ധമായ ആവശ്യത്തിനാണ് താനെത്തിയതെന്ന് കവിത വ്യക്തമാക്കിയിരുന്നു. കനത്ത പോലീസ് ബന്തവസ്സിലാണ് യുവതികള്‍ നടപ്പന്തല്‍ വരെ എത്തിയത്.

പ്രതിഷേധക്കാരില്‍നിന്നുള്ള ആക്രമണം ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അതീവ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഇവര്‍ തിരിച്ചുപോകുമെന്ന വിവരം ഐജി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ കവിത തിരിച്ചുപോകാമെന്ന നിലപാട് എടുത്തിരുന്നെങ്കിലും രഹന ഫാത്തിമ ദര്‍ശനം നടത്തണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇതു സാധിക്കില്ലെന്ന് ഐജി യുവതികളെ ബോധ്യപ്പെടുത്തുകയായിരുന്നു. യുവതികള്‍ തിരികെ പോകുന്ന സാഹചര്യത്തില്‍ പതിനെട്ടാം പടിക്കു താഴെ നടത്തിവന്ന പരികര്‍മികളുടെ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.

യുവതികള്‍ നടപ്പന്തലില്‍ എത്തിയതോടെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരവിരുദ്ധമാണെന്ന വാദം ഉയര്‍ത്തി പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. ഐ ജി ശ്രീജിത്ത് ഇവരോട് സംസാരിച്ചെങ്കിലും യുവതികളെ കടത്തിവിടാന്‍ തയ്യാറല്ലെന്ന നിലപാടായിരുന്നു ഇവര്‍.

ശബരിമലയെ സംഘര്‍ഷഭൂമിയാക്കില്ലെന്നും ആക്ടിവിസ്റ്റുകള്‍ക്കല്ല, ഭക്തര്‍ക്കാണ് പോലീസ് സുരക്ഷയൊരുക്കുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ശക്തി തെളിയിക്കാനുള്ള ഇടമായി ആക്ടിവിസ്റ്റുകള്‍ ശബരിമലയെ കാണരുതെന്നും മന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനത്തോടെ ഏവരും അന്വേഷിക്കുകയാണ് ഈ രണ്ടു യുവതികളെ കുറിച്ച്. കവിത ജക്കാല ഹൈദരാബാദിലെ നാല്‍ഗോണ്ട സ്വദേശിയാണ്. സില്ല പരിഷത്ത് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍, എഇസിറ്റി കോളേജ്, ദീപ്തി ജൂനിയര്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 10 ടിവിയില്‍ വാര്‍ത്ത അവതാരകയായി ജോലി ആരംഭിച്ച കവിത ഇപ്പോള്‍ തെലുങ്ക് മോജോ ടിവിയിലെ മാധ്യമ പ്രവര്‍ത്തകയാണ്. മോജോ ടിവിയ്ക്ക് വേണ്ടിയാണ് കവിത ശബരിമലയില്‍ എത്തിയതും. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ശക്തമായ സായുധ പോലീസ് സംഘം കവിതയ്ക്ക് സുരക്ഷയൊരുക്കിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കവിതയ്ക്ക് നടപ്പന്തലില്‍ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. സുരക്ഷയുടെ ഭാഗമായി പോലീസിന്റെ ഹെല്‍മറ്റും ജാക്കറ്റും ധരിച്ചായിരുന്നു കവിതയുടെ സന്നിധാനത്തേക്കുള്ള യാത്ര.

രഹ്നഫാത്തിമ എന്ന എറണാകുളം സ്വദേശിനിയായ യുവതി ഇരുമുടികെട്ടുമായി കവിതയ്ക്കൊപ്പം മല ചവുട്ടി. ഇവരും നടപ്പന്തലില്‍ യാത്ര അവസാനിപ്പിച്ചു. പമ്പയില്‍ വ്യാഴാഴ്ച്ചയെത്തിയ കവിത രാത്രി തന്നെ മല ചവിട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ചത്തേക്ക് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.വിശ്വാസത്തിന്റെ ഭാഗമായല്ല തന്റെ യാത്രയെന്നും, ജോലിയുടെ ഭാഗമായാണ് മല ചവിട്ടുന്നതെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കവിത വ്യക്തമാക്കിയിരുന്നു.

pathram:
Leave a Comment