ഞാന്‍ സംഘടനയുടെ യോഗങ്ങളില്‍ ഒന്നും മിണ്ടാറില്ല….അതാണ് അവിടത്തെ രീതി ; ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ മാത്രം കാര്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല, പ്രായമായാല്‍ കിട്ടുന്ന വേഷങ്ങള്‍ ഒക്കെ ചെയ്യണം കെപിഎസി ലളിത

കൊച്ചി: ഞാന്‍ സംഘടനയുടെ യോഗങ്ങളില്‍ ഒന്നും മിണ്ടാറില്ല….അതാണ് അവിടത്തെ രീതി എന്ന് കെപിഎസി ലളിത. കാര്യം പറഞ്ഞുവന്നാല്‍ ഉള്ളി തൊലിച്ചതുപോലെയേ ഉള്ളൂ. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും പീഡനം ഒക്കെ ഉണ്ടാകുന്നുണ്ട്. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ മാത്രം കാര്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ സംഘടനക്ക് അകത്ത് പറയണം. ചോദ്യം ചെയ്യാനുള്ള അവകാശം സംഘടനയിലുണ്ട്. എല്ലാം പറഞ്ഞുതീര്‍ക്കാവുന്ന കാര്യങ്ങളേ ഉള്ളൂ. ഞാന്‍ സംഘടനയുടെ യോഗങ്ങളില്‍ ഒന്നും മിണ്ടാറില്ല. സിദ്ദിഖും മറ്റും ഒന്നും പറയാനില്ലേ എന്ന് ചോദിക്കാറുണ്ട്. എല്ലാം നന്നായി നടക്കുന്നതുകൊണ്ടാണ് ഒന്നും പറയാത്തത്. അതാണ് അവിടത്തെ രീതി.

എന്തെങ്കിലും ഒരു പ്രശ്‌നം പുറത്തറിഞ്ഞാല്‍ കൈകൊട്ടിച്ചിരിക്കാന്‍ നോക്കിയിരിപ്പാണ് ആളുകള്‍. വലിയ ഭൂകമ്പം ഉണ്ടാക്കുന്നതൊക്കെ എന്തിനാണ്? ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. എല്ലാവരും ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടത്. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല, നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കിട്ടിയ കലാകാരനാണ്. കേണല്‍ വരെ ആയ ആളാണ് അദ്ദേഹം. അദ്ദേഹത്തെ ബഹുമാനത്തോടെയേ കാണാവൂ. മോഹന്‍ലാലിനെപ്പോലെ ഒരാളൊക്കെയേ ഉണ്ടാവുകയുള്ളൂ. അതൊക്കെ ദൈവത്തിന്റെ തീരുമാനമാണ്.

നടി എന്ന് വിളിച്ചത് അപമാനമായി എന്നുപറഞ്ഞ നടിക്ക് സിനിമയില്‍ നിന്ന് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. സംഘടനയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുവിളിച്ചു പറയാന്‍ പാടില്ല. പ്രായമായാല്‍ കിട്ടുന്ന വേഷങ്ങള്‍ ഒക്കെ ചെയ്യണം. പണ്ട് ചെയ്ത പോലെയുള്ള റോളുകള്‍ ഒന്നും ഇപ്പോള്‍ തനിക്കും കിട്ടുന്നില്ല. കിട്ടുന്നത് കൊണ്ട് സംതൃപ്തരാകണം. സംഘടനയിലെ പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ മാന്യമായ ഒരു രീതിയുണ്ട്. തെറ്റുചെയ്തവര്‍ വന്ന് മാപ്പുപറയട്ടെ. തെറ്റ് ചെയ്തവരെ അമ്മ എന്നേക്കുമായി തള്ളിക്കളയില്ല. ക്ഷമ പറഞ്ഞിട്ട് അകത്ത് കയറാവുന്നതേയുള്ളൂ. സാമ്പത്തിക പ്രയാസമുള്ള മുതിര്‍ന്നവര്‍ക്ക് മാസം അയ്യായിരം രൂപ കൊടുക്കുന്ന സംഘടനയാണ് അമ്മ. അത് നോക്കിയിരിക്കുന്ന ഒരുപാട് പേരുണ്ട്.

ദിലീപ് അദ്ദേഹത്തിന്റെ പേരില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകരുത് എന്ന് കരുതിയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. അത് ദിലീപിന്റെ നല്ല മനസുകൊണ്ടാണ്. അമ്മയില്‍ ഉടന്‍ ജനറല്‍ ബോഡി വിളിക്കാനുള്ള സാഹചര്യമില്ല. അംഗങ്ങള്‍ കത്ത് നല്‍കാതെ ജനറല്‍ ബോഡി വിളിക്കാനാകില്ല. ഇരയായ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കാന്‍ ഞാനും പോയിട്ടുണ്ട് അതൊന്നും ആരു കണ്ടില്ലെന്ന് കെപിഎസി ലളിത പറഞ്ഞു.

pathram:
Leave a Comment