തരൂരിന് എതിരായി തിരുവനന്തപുരത്ത് നമ്പിനാരായണന്‍..? ലോക്സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം; ആരും എന്നെ സമീപിച്ചിട്ടില്ലെന്ന് നമ്പി നാരായണന്‍

തിരുവനന്തപുരം: വിജയസാധ്യതയുള്ള പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ നിര്‍ത്തണമെന്നു സിപിഎം-–സിപിഐ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഐഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ പേര് ഇതേത്തുടര്‍ന്നു ചിലര്‍ നിര്‍ദേശിച്ചു. അദ്ദേഹവുമായി ചില അനൗദ്യോഗിക ആശയവിനിമയങ്ങള്‍ നടന്നുവെന്നും നമ്പി നാരായണന്‍ സമ്മതം മൂളിയില്ലെന്നുമാണ് അറിയുന്നത്.
”പലരും പല കഥകളും പറയുന്നുണ്ട്. ആരും എന്നെ അങ്ങനെ സമീപിച്ചിട്ടില്ല. അപ്പോള്‍ ആലോചിച്ചാല്‍ മതിയല്ലോ” ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ നമ്പി നാരായണന്‍ പറഞ്ഞു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബെന്നറ്റ് ഏബ്രഹാമിനെ നിര്‍ത്തി പേയ്‌മെന്റ് സീറ്റ് എന്ന പേരുദോഷം ഏറ്റുവാങ്ങേണ്ടിവന്ന സിപിഐ അതുകൂടി മായ്ക്കാന്‍ കഴിയുന്ന മികവുറ്റ സ്ഥാനാര്‍ഥിയെയാണു തിരയുന്നത്. ശശി തരൂരിനെതിരെ പ്രഗത്ഭനായ ഒരാള്‍ വേണമെന്നു വാദിക്കുന്നവരാണു നമ്പി നാരായണന്റെ പേരു മുന്നോട്ടുവച്ചത്. ചാരക്കേസില്‍ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്നു നഷ്ടപരിഹാരമായി വിധിച്ച 50 ലക്ഷം രൂപ പൊതു ചടങ്ങു തന്നെ സംഘടിപ്പിച്ചു നമ്പിനാരായണനു മുഖ്യമന്ത്രി കൈമാറിയതും ഈ സാധ്യതയുമായി ചേര്‍ത്തു വായിക്കുന്നവരുണ്ട്.

pathram:
Related Post
Leave a Comment