ഭൗതികശാസ്ത്രത്തിലെ മികവിനുള്ള നൊബേല്‍ സമ്മാനം മൂന്നു ഗവേഷകര്‍ക്ക്

സ്‌റ്റോക്കോം: ഭൗതികശാസ്ത്രത്തിലെ മികവിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്നു ഗവേഷകര്‍ക്ക്. ആര്‍തര്‍ ആഷ്‌കിന്‍(യുഎസ്), ഷെറാര്‍ മുറൂ(ഫ്രാന്‍സ്), ഡോണ സ്ട്രിക്ക്‌ലന്‍ഡ്(കാനഡ) എന്നിവര്‍ക്ക് ലേസര്‍ ഫിസിക്‌സ് മേഖലയിലെ ഗവേഷണത്തിനാണ് അംഗീകാരം. ഇതു മൂന്നാം തവണയാണ് ഒരു വനിതയ്ക്ക് ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ ലഭിക്കുന്നത്,. അതും 55 വര്‍ഷത്തിനു ശേഷം.

നേത്ര ശസ്ത്രക്രിയയിലും വ്യാവസായിക രംഗത്തും അതിസൂക്ഷ്മതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ തയാറാക്കാന്‍ മൂവരുടെയും ഗവേഷണം സഹായിച്ചതായി നൊബേല്‍ സമിതി വ്യക്തമാക്കി. 90 ലക്ഷം സ്വീഡിഷ് ക്രൗണാണ് (7.34 കോടി) പുരസ്‌കാരത്തുക. ഇതിന്റെ പകുതി ആര്‍തര്‍ ആഷ്‌കിനു ലഭിക്കും. ശേഷിച്ച തുക ഷെറാര്‍ മുറൂവും ഡോണ സ്ട്രിക്ക്‌ലന്‍ഡും പങ്കിട്ടെടുക്കും.
‘ഒപ്റ്റിക്കല്‍ ട്വീസേഴ്‌സ്’ എന്ന ഉപകരണം കണ്ടെത്തിയതിനാണ് ആര്‍തറിനു പുരസ്‌കാരം. ആറ്റങ്ങള്‍, സൂക്ഷ്മകണികകള്‍, വൈറസുകള്‍, ജീവകോശങ്ങള്‍ തുടങ്ങിയവയെ ലേസര്‍ ബീം കൊണ്ടു ‘പിടിച്ചെടുക്കു’ന്നവയാണ് ഈ ഉപകരണം. പ്രകാശത്തിന്റെ ‘റേഡിയേഷന്‍ പ്രഷര്‍’ ഉപയോഗിച്ച് വസ്തുക്കളെ ചലിപ്പിക്കാനും ഇതുവഴി സാധിച്ചിരുന്നു. സയന്‍സ് ഫിക്ഷനില്‍ മാത്രം കണ്ടിട്ടുള്ള ഒരു പഴയകാല സ്വപ്നം യാഥാര്‍ഥ്യമായെന്നാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ഈ കണ്ടുപിടിത്തത്തെ വിശേഷിപ്പിച്ചത്.

അള്‍ട്രാ–ഷോര്‍ട്ട് ഒപ്റ്റിക്കല്‍ പള്‍സുകള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്തതിനാണ് ഷെറാറിനും ഡോണയ്ക്കും നൊബേല്‍ അംഗീകാരം. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഏറ്റവും ശക്തമായ ലേസര്‍ രശ്മികള്‍ ഇതുവഴി ഇതാദ്യമായാണു മനുഷ്യന്‍ സൃഷ്ടിച്ചെടുത്തത്. നേത്ര ശസ്ത്രക്രിയയില്‍ (Corrective Eye Surgery) ഏറെ ഉപകാരപ്പെടുന്നതായിരുന്നു ഈ കണ്ടെത്തല്‍.

pathram:
Leave a Comment