അതിജീവിച്ചവള്‍ എന്നു പറഞ്ഞു തരംതാഴ്ത്തേണ്ട!!! എനിക്കൊരു പേരുണ്ട്; പിന്തുണച്ച പ്രിയങ്കയ്‌ക്കെതിരെ തനുശ്രീ

ബോളിവുഡ് നടന്‍ നാന പടേക്കര്‍, സംവിധായകന്‍ വിവേക് അഗ്നിഹോത്രി എന്നിവരില്‍ നിന്ന് ശാരീരികമായും മാനസികമായും നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ നടി തനുശ്രീ ദത്തയെ പിന്തുണച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തിയിരന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് പിന്തുണയുമായെത്തിയ പ്രിയങ്ക ചോപ്രയ്ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ. തന്നെ അതിജീവിച്ചവള്‍ എന്ന് പ്രിയങ്ക പരാമര്‍ശിച്ചതാണ് തനുശ്രീയെ ചൊടിപ്പിച്ചത്.

തനുശ്രീക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടന്‍ ഫര്‍ഹാന്‍ അക്തര്‍ പങ്കുവച്ച ട്വീറ്റിന് മറുപടിയായാണ് പ്രിയങ്കയും പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ തനുശ്രീയുടെ ധൈര്യത്തെ പ്രശംസിക്കുന്നതിന് പകരം അവരുടെ ഉദ്ദേശത്തെ ചോദ്യം ചെയ്യുകയല്ല വേണ്ടതെന്നാണ് ഫര്‍ഹാന്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍, ഇതിന് മറുപടിയായി ചെയ്ത ട്വീറ്റില്‍ അതിജീവിച്ചവള്‍ എന്നാണ് പ്രിയങ്ക തനുശ്രീയെ പരാമര്‍ശിച്ചത്. അതേ, ലോകം അതിജീവിച്ചവരെ വിശ്വസിക്കണം എന്നാണ് പ്രിയങ്ക കുറിച്ചത്. ഇതിനെതിരേയാണ് തനുശ്രീ രംഗത്ത് വന്നിരിക്കുന്നത്.

‘പ്രിയങ്ക ഈ വിഷയത്തില്‍ പ്രതികരിച്ചതില്‍ അത്ഭുതമുണ്ട്. ഈ സമയത്ത് ഇത് ചെയ്തതില്‍ സന്തോഷവുമുണ്ട്. പക്ഷേ എന്നെ അതിജീവിച്ചവള്‍ എന്നും പറഞ്ഞു തരംതാഴ്ത്തേണ്ട ആവശ്യമില്ല. എനിക്കൊരു പേരുണ്ട്, ഒരു കഥയുണ്ട്, ഞാന്‍ പുറത്തുകൊണ്ടു വരാന്‍ ശ്രമിക്കുന്ന സത്യമുണ്ട്. ഇത് എനിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല, മറിച്ച് വരും തലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണ്. പലരും ഇതിന് അനുകൂലമായി നിലപാട് എടുത്ത് വരുന്നുണ്ട്. പക്ഷേ എന്നെ സത്യസന്ധമായി പിന്തുണയ്ക്കുന്നവരെയാണ് എനിക്ക് ആവശ്യം. എന്തായാലും കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി.’ തനുശ്രീ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനുശ്രീ നിലപാട് വ്യക്തമാക്കിയത്.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 2009ല്‍ തനിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തെ പറ്റി തനുശ്രീ തുറന്നു പറഞ്ഞത്. ബോളിവുഡ് സിനിമയായ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയിലെ ഗാനചിത്രികരണത്തിനിടെ പടേക്കര്‍ പീഡന ശ്രമം നടത്തിയെന്നാണ് ആരോപണം.

pathram desk 1:
Related Post
Leave a Comment