കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ ലൂസിയെ സഭാനടപടികളില്‍ നിന്ന് പുറത്താക്കി

മാനന്തവാടി: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനെയും തുടര്‍ന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാ ചടങ്ങുകളില്‍ നിന്നും പുറത്താക്കി. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കികൊണ്ട് നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.

വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതാണെന്ന് സിസ്റ്റര്‍ പറയുന്നു. സഭയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. സഹനമല്ല സമരവഴി തിരഞ്ഞെടുത്തതിന് ലഭിച്ച പ്രതികാര നടപടിയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിര്‍ത്തിയ സ്ഥിതിക്ക് മാറി നില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി വിശദമാക്കി.

കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തുനിന്ന് സിസ്റ്റര്‍ ലൂസി മഠത്തിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു.

pathram desk 1:
Leave a Comment