സ്വന്തമാക്കിയത്‌ കോഴിക്കോട് നിന്ന് ചെന്നൈ വഴി ഹോങ്കോങിലെത്തി; ഏറ്റവും വിലകൂടിയ ഐഫോണ്‍ X S Max വാങ്ങുന്ന ആദ്യ ഇന്ത്യക്കാരന്‍ ഈ മലപ്പുറം സ്വദേശി

ആപ്പിള്‍ ഇന്ന് പുറത്തിറക്കുന്ന ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണ്‍ X S Max സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ മലപ്പുറം സ്വദേശി. തിരൂരിനടുത്ത് കല്‍പ്പകഞ്ചേരി സ്വദേശിയായ ജുനൈദ് റഹ്മാന്‍ ആണ് 1249 ഡോളര്‍ (ഏകദേശം 90,000 രൂപ) വിലയുള്ള ഐഫോണ്‍ X S Max ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കിയത്. ബാംഗ്ലൂര്‍ ആസ്ഥാനമായ ഡയാന ഡയമണ്ട് കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് ജുനൈദ്.
ആദ്യ പീസ് സ്വന്തമാക്കുന്നതിനുവേണ്ടി ജുനൈദ് ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്നോ..!! ആപ്പിള്‍ ഐഫോണുകളില്‍ ഏറ്റവും വലിയ ഡിസ്‌പ്ലേയുമായി പുറത്തിറങ്ങുന്ന ഈ ഫോണ്‍ ഇന്നാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ആദ്യ പീസിന്റെ ഗോള്‍ഡന്‍ കളര്‍ തന്നെ സ്വന്തമാക്കാന്‍ ജുനൈദിന് കഴിഞ്ഞു. കരിപ്പൂരില്‍ നിന്നും ചെന്നൈ വഴി ഹോങ്കോങ്ങില്‍ എത്തിയാണ് ജുനൈദ് ഈ ഫോണ്‍ സ്വന്തമാക്കിയത്. കാരണം കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഐഫോണ്‍ ഗ്ലോബല്‍ ലോഞ്ചിംഗ് അല്ല ഒരുക്കിയത്.
വികസിത രാജ്യങ്ങളില്‍ മാത്രമാണ് ആദ്യ ലോഞ്ചിംഗ്.

ഈമാസം 28ന് മാത്രമാണ് പുതിയ ഐഫോണ്‍ ഇന്ത്യയിലെത്തുക. യു എസ്, യുകെ, യു എ ഇ, ഓസ്‌ട്രേലിയ, ഹോംഗ്‌കോങ് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ വിതരണം. ഇതിനായി ഇന്ന് അതാത് രാജ്യങ്ങളിലെ രാവിലെ എട്ട് മണി മുതല്‍ ക്യൂ ആരംഭിച്ചിരുന്നു. പതിനൊന്ന് മണിയോടെ ഫോണ്‍ വിതരണം ആരംഭിച്ചു. എന്നാല്‍ ഐഫോണ്‍ ലോഞ്ച് ചെയ്യുന്ന രാജ്യങ്ങളില്‍ ആദ്യം സൂര്യനുദിക്കുന്നത് ഹോങ്കോംഗിലാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലര മണി മുതല്‍ ഇവിടെ ക്യൂ ആരംഭിക്കും. പ്രീ ബുക്കിംഗ് ആരംഭിച്ച സെപ്തംബര്‍ 14ന് തന്നെ ഹോംഗ്‌കോംഗില്‍ നിന്നും വാങ്ങാനായി ഐഫോണ്‍ ബുക്ക് ചെയ്ത ജുനൈദ് രാവിലെ 7.30 ആയപ്പോഴേക്കും ആദ്യ പീസ് സ്വന്തമാക്കുന്ന ഇന്ത്യക്കാരനായി. ആപ്പിള്‍ സ്‌റ്റോറിന് കൊടുക്കുന്ന സി ആന്‍ഡ് എഫ് വഴി ജുനൈദ് ഇന്നലെയാണ് പണമടച്ചത്.

യു എ ഇയില്‍ നിന്നും മറ്റും വേറെയും ഇന്ത്യക്കാരുണ്ടാകുമെന്നതിനാലാണ് തങ്ങള്‍ ഹോങ്കോംഗ് തന്നെ തിരഞ്ഞെടുക്കാന്‍ കാരണം. കൂടാതെ ദുബൈയില്‍ ഹോങ്കോംഗിനേക്കാള്‍ നാല് മണിക്കൂറിന് ശേഷം മാത്രമേ വിതരണം ആരംഭിക്കുകയുള്ളൂ. ഐഫോണ്‍ കൈപ്പറ്റാനായി ഇന്നലെ കോഴിക്കോട് നിന്നും ചെന്നൈയിലെത്തിയാണ് ജുനൈദ് ഹോങ്കോംഗിലേക്ക് പറന്നത്. ഇന്ന് രാത്രിയോടെ നാട്ടില്‍ തിരികെയെത്തും. ഡയമണ്ടുകളുടെയും മറ്റ് വില കൂടിയ രത്‌നങ്ങളുടെയും വിതരണക്കാരാണ് ജുനൈദ് ചെയര്‍മാനായ ഡയാന ഡയമണ്ട് കോര്‍പ്പറേഷന്‍. ആപ്പിള്‍ ഐഫോണിന്റെ ടോപ്പ് 10 ഉപഭോക്താക്കളില്‍ ഒരാളാണ് ജുനൈദ്.

കഴിഞ്ഞ വര്‍ഷം ഐഫോണ്‍ x പുറത്തിറക്കിയപ്പോള്‍ നടന്‍ മമ്മൂട്ടിയെ പോലും പിന്നിലാക്കി ആദ്യ പീസുകളിലൊന്ന് സ്വന്തമാക്കിയത് ജുനൈദിന്റെ ബിസിനസ് പാര്‍ട്ണറും വാളാഞ്ചേരി സ്വദേശിയുമായ ഷഹനാസ് പാലക്കല്‍ ആയിരുന്നു.

pathram:
Related Post
Leave a Comment