ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി; അറസ്റ്റ് ചെയ്യണമോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. ബിഷപ്പിനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യണമോ എന്ന കാര്യം അന്വേഷണോദ്യോഗസ്ഥന് തീരുമാനിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഒരുമിനിറ്റ് മാത്രം നീണ്ട നടപടിക്രമം മാത്രമാണ് ഇന്ന് ഹൈക്കോടതിയില്‍ ഉണ്ടായത്. അറസ്റ്റ് തടയണം എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാന്‍ തടസ്സമില്ല.

തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അധികാരത്തര്‍ക്കമാണ് കേസിന് ആധാരം. മിഷണറീസ് ഓഫ് ജീസസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും കേസിന് കാരണമായെന്നും ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു. പരാതിയില്‍ പറയുന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്നാണ് ബിഷപ്പിന്റെ വാദം.

19ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് ബിഷപ്പിന് നോട്ടീസ് നല്‍കിയിരുന്നത്. അതേസമയം ഫ്രാങ്കോ മുളക്കല്‍ ജലന്ധറില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചുവെന്നാണ് വിവരം. അതേസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്ന് സിസ്റ്റര്‍ അനുപമയും കന്യാസ്ത്രീയുടെ സഹോദരിയും പറഞ്ഞു.കോടതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

pathram desk 1:
Leave a Comment