ബിഷപ് കന്യാസ്ത്രീയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ആദ്യ പീഡനം നടന്നത് 2014 മേയ് അഞ്ചിന്; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപിനെതിരേ പൊലീസ് തയ്യാറാക്കിയ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് എഫ്ഐആറില്‍ പറയുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2014 മേയ് 5നാണ് ആദ്യ പീഡനം. രണ്ട് വര്‍ഷത്തിനിടെ 13 തവണ പീഡനത്തിനിരയാക്കി. കേസില്‍ 81 സാക്ഷികളെ വിസ്തരിച്ചുവെന്നും 34 രേഖകള്‍ പിടിച്ചെടുത്തുവെന്നും എഫ്ഐആറില്‍ പറയുന്നു.

ഇതിനിടെ, ജലന്തര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി അറിയിച്ചു. സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണവുമാണ് നടക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണോയെന്ന് പൊലീസിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉച്ചയ്ക്ക് വ്യക്തമാക്കിയിരുന്നു. കുറ്റസമ്മതമൊഴി മാത്രംപോര, അറസ്റ്റിന് തെളിവും വേണം. കേസില്‍ സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ബിഷപ്പിനെ ചോദ്യം ചെയ്യാതെ അറസ്റ്റു ചെയ്യാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. പരാതിക്കിടയായ സംഭവങ്ങള്‍ നടന്നത് മൂന്നു നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. തെളിവുകള്‍ ശേഖരിക്കാന്‍ സമയം എടുക്കുക സ്വാഭാവികമാണ്. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആദ്യം പൊലീസ് പ്രതിയെ ചോദ്യം ചെയ്യട്ടെ.

അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ കന്യാസ്ത്രീ പ്രകടിപ്പിച്ച ക്ഷമയെങ്കിലും കാണിക്കണം. പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ ഭീഷണി ഉണ്ടായാല്‍ കോടതിയെ അറിയിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലായും കേരളത്തില്‍ ഏഴു ജില്ലകളിലായും അന്വേഷണം പുരോഗമിക്കുന്നു.

സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ട്. പ്രതിയെ ചോദ്യം ചെയ്യല്‍ കൂടാതെ അറസ്റ്റ് ചെയ്യാനാവില്ല. പരാതിക്കാരിക്കും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊലീസിന്റെ വിശദീകരണത്തില്‍ തൃപ്തി പ്രകടിപ്പിച്ച കോടതി ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം ഹര്‍ജി പരിഗണിക്കുന്നതാവും ഉചിതമെന്ന് നിരീക്ഷിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 24 ലേക്ക് മാറ്റി.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം വ്യാപിപ്പിക്കാന്‍ തീരുമാനമായി. തിങ്കളാഴ്ച്ച മുതല്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നിരാഹാര സമരം തുടങ്ങും. സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റേതാണ് തീരുമാനം.

pathram:
Leave a Comment