വീട്ടില്‍ വെള്ളം കയറി, എങ്കിലും ധനസഹായം വേണ്ടാ!!! ഇത് വെറും വാക്കല്ല, വീടിന് മുന്നില്‍ എഴുതി ഒട്ടിച്ച് കൂലിപ്പണിക്കാരനായ ചെറായി സ്വദേശി

ചെറായി: വീട്ടില്‍ വെള്ളം കയറി, പക്ഷേ ആകെ നനഞ്ഞതും നശിച്ചതും കുറച്ചു പായകളും കറിപ്പൊടികളും മാത്രം…എല്ലാം നഷ്ടപ്പെട്ട എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് സര്‍ക്കാരിന്റെ സഹായധനം കൊണ്ട് ആരും ഇങ്ങോട്ട് വരണ്ട. വ്യത്യസ്തനായി ചെറായി സ്വദേശിയായ കല്‍പ്പണിക്കാരന്‍ ജോര്‍ജ്. ജോര്‍ജ് ഇത് വെറും വാക്കാല്‍ പറയുകയല്ല, വീടിന് മുന്നില്‍ എഴുതി ഒട്ടിച്ചു വെച്ചിട്ടുണ്ട്.

വീട്ടില്‍ വെള്ളം കയറിയതിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നുള്‍പ്പെടെയുള്ള സഹായങ്ങള്‍ തനിക്ക് വേണ്ടെന്ന് ജോര്‍ജ് പറയുന്നുണ്ടായിരുന്നു എങ്കിലും വീടിന്റെ മുന്നില്‍ ഇക്കാര്യം വ്യക്തമായി എഴുതി ജോര്‍ജ് ഒട്ടിച്ചു വെച്ചതോടെ നാട്ടുകാരും റവന്യു ഉദ്യോഗസ്ഥരും അമ്പരന്നു. സര്‍ക്കാരില്‍ നിന്നും പ്രളയ ധനസഹായം ലഭിക്കുന്നതിന് വേണ്ടി അനര്‍ഹര്‍ ശ്രമങ്ങള്‍ നടത്തുന്നതിന് ഇടയിലാണ് ജോര്‍ജ് മാതൃകയാവുന്നത്.

വീടിന് മുന്നില്‍ ഒട്ടിച്ചുവെച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ ഇത് വൈറലായി കഴിഞ്ഞു. പ്രളയമുണ്ടായ സമയത്ത് ആദ്യം വെള്ളം കയറിയ വീടുകളില്‍ ഒന്ന് തന്റേതായിരുന്നു. പക്ഷേ വീട്ടില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായില്ല. എല്ലാം നഷ്ടപ്പെട്ട് നിരവധി പേര്‍ നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ എന്തിനാണ് ഞാന്‍ നഷ്ടപരിഹാരം വാങ്ങുന്നതെന്നാണ് ജോര്‍ജ് ചോദിക്കുന്നത്.

എനിക്ക് ധനസഹായം വേണ്ട, പകരം, പ്രളയം കടുത്ത ആഘാതം തീര്‍ത്ത പറവൂര്‍, പെരുമ്പടന്ന കിഴക്കു ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് നല്‍കണം എന്ന് ജോര്‍ജ് വീടിന് മുന്നില്‍ ഒട്ടിച്ചു വെച്ചിരിക്കുന്ന കുറിപ്പില്‍ ആവശ്യപ്പെടുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നതാണ് ജോര്‍ജിന്റെ കുടുംബം.

എന്നിട്ടും ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തിന് ഉയര്‍ന്ന വരുമാനമുള്ള റേഷന്‍ കാര്‍ഡാണ് അനുവദിച്ചിരിക്കുന്നത്. ഇത് ഒന്ന് മാറ്റി നല്‍കണം എന്നാണ് ജോര്‍ജിനുള്ള ഏക അപേക്ഷ. നട്ടെല്ലിലെ അസുഖത്തെ തുടര്‍ന്ന് ജോര്‍ജിന് ഏറെ നാളായി ജോലിക്ക് പോകാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഹൃദ്രോഗവും അലട്ടുന്നുണ്ട്. എങ്കിലും പ്രളയത്തിന്റെ പേരില്‍ ലഭിക്കുന്ന ധനസഹായം വേണ്ടെന്ന് വയ്ക്കാന്‍ ജോര്‍ജിന് മടിയില്ല.

pathram desk 1:
Leave a Comment