സ്വവര്‍ഗ്ഗ ലൈംഗികത ഒരു മാനസിക പ്രശ്‌നം!!! 377 പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് എസ്.യു.സി.ഐ

കോഴിക്കോട്: ഐ.പി.സി സെക്ഷന്‍ 377 വകുപ്പ് പ്രകാരം സ്വവര്‍ഗ്ഗ ലൈംഗികത കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ. ഈ നിയമത്തിലെ വ്യവസ്ഥകള്‍ തെറ്റാണെന്നും അത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കാണിച്ചാണ് എസ്.യു.സി.ഐ രംഗത്തെത്തിയിരിക്കുന്നത്.

സ്വവര്‍ഗ്ഗ ലൈംഗികത ഒരു മാനസിക പ്രശ്നമാണെന്നും അതിന് ഒരിക്കലും സാമൂഹിക അംഗീകാരം നല്‍കരുതെന്നുമാണ് ഇവര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

സ്ത്രീകള്‍, കുട്ടികള്‍, മത-സാമൂഹിക ന്യൂനപക്ഷങ്ങള്‍ എന്നിവയുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നും ഈ പാര്‍ട്ടി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

നിലവിലെ സാമൂഹിക മൂല്യങ്ങള്‍ക്കും മാനുഷിക ധാര്‍മികതയ്ക്കും എതിരാണ് സുപ്രീം കോടതിയുടെ വിധി. സെക്ഷന്‍ 377 സമൂഹത്തെ പിന്നോട്ടടിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

അതേസമയം എസ്.യു.സി.ഐ യുടെ നിലപാടിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ കമ്യൂണിസത്തിനും മുഴുവന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും അപമാനകരമാകുന്ന പ്രസ്താവനകളാണ് പാര്‍ട്ടി സര്‍ക്കുലര്‍. ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പാക്കുന്ന യാതൊരു അവകാശങ്ങളെപ്പറ്റി ധാരണയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിതെന്നും വിമര്‍ശനമുയരുന്നുണ്ട്.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്നാണ് സുപ്രീം കോടതിയുടെ ചരിത്രവിധി. സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്ന് ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. 157 വര്‍ഷത്തിന് ശേഷമുള്ള ചരിത്രവിധിയാണ് ഇത്. എല്ലാവര്‍ക്കും ഏക അഭിപ്രായമായിരുന്നെന്നും വിയോജിപ്പുള്ള വിധികളില്ലെന്നും ദീപക് മിശ്ര വിധി പ്രസ്താവത്തിനിടെ പറഞ്ഞിരുന്നു.

377ാം വകുപ്പ് എല്‍.ജി.ബി.ടി സമൂഹത്തിന് എതിരാണ്. ഇന്ത്യന്‍ ശിക്ഷാ വകുപ്പിന്റെ 377ാം വകുപ്പ് എല്‍.ജി.ബി.ടി സമൂഹത്തിന്റെ അവകാശങ്ങളുടെ നഗ്നമായ ലംഘനമായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

pathram desk 1:
Leave a Comment