ജലന്ധര്‍ ബിഷപിന്റെ അറസ്റ്റ് വൈകുന്നതിനെതിരേ വി.എസ്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപിനെതിരേ ലൈംഗിക പീഡനക്കേസില്‍ നീതിതേടി സഭയിലെ കന്യാസ്ത്രീകള്‍ രംഗത്തിറങ്ങേണ്ടി വന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് വിഎസ് അച്യുതാനന്ദന്‍. പീഡന പരാതി ലഭിച്ചിട്ടും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരുടെ ഭാഗത്തുനിന്നും പ്രത്യക്ഷത്തില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ പ്രക്ഷോഭത്തിന് ഇറങ്ങിയതെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

സഭാംഗങ്ങള്‍ക്കിടക്കുള്ള ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍, സഭ തന്നെ കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ നീതിന്യായ സംവിധാനത്തിന് നിരക്കുന്നതല്ല. ഉന്നത സ്ഥാനത്തിരിക്കുന്ന, സ്വാധീനമുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടര മാസമായി എല്ലാ അന്വേഷണ സംവിധാനങ്ങള്‍ക്കും മീതെ സ്വതന്ത്രനായി വിഹരിക്കുന്നത് എന്നതിനാല്‍ ഇര അനുഭവിക്കുന്നത് വലിയ സമ്മര്‍ദ്ദമാണ്.

അന്വേഷണ സംവിധാനങ്ങളിലേക്കും ഈ സമ്മര്‍ദ്ദം ചെന്നെത്തുന്നു എന്ന ധാരണ പരക്കാനിടയാക്കുംവിധം പ്രതിയുടെ അറസ്റ്റും ചോദ്യം ചെയ്യലും അനന്തമായി നീണ്ടുപോവുകയാണ്. ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലീസ് ഇനിയും കാലതാമസം വരുത്തിക്കൂടെന്നും വിഎസ് പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment