എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല; ‘മീശ’ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ ഭാവനയെ ബഹുമാനിക്കണം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപടരുതെന്നും കോടതി വ്യക്തമാക്കി.

നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. നോവല്‍ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കില്ലേയെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു.

അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.ഹരീഷ് പറഞ്ഞു. ഭരണഘടനയിലും നിയമസംവിധാനത്തിലുമുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് വിധിയെന്നും ഹരീഷ് പറഞ്ഞു.

pathram desk 1:
Leave a Comment